2025 ലെ ജൂബിലി വര്‍ഷം ആഘോഷിക്കുന്നതിന് ഒരുക്കമായി കത്തോലിക്കാ സഭ ജനുവരി 21 മുതല്‍ പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുന്നു. വ്യക്തിജീവിതത്തിലും സഭാജീവിതത്തിലും ലോകത്തിലും പ്രാര്‍ത്ഥനയുടെ ആവശ്യകതയും മൂല്യവും വീണ്ടും കണ്ടെത്താനായി ഈ വര്‍ഷം സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ വാതില്‍ തുറക്കുന്നതിലേക്ക് നമ്മെ നയിക്കുന്ന മാസങ്ങളാണ് കടന്നുവരുന്നത്. കൃപയുടെ ആ സംഭവത്തിനായി പ്രാര്‍ത്ഥനകള്‍ ആഴപ്പെടുത്തിക്കൊണ്ട് നമുക്കൊരുങ്ങാം. അതിനുവേണ്ടിയാണ് പ്രാര്‍ത്ഥനാവര്‍ഷം ആചരിക്കുന്നത് - മാര്‍പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥനാചരണത്തില്‍ പങ്കെടുക്കുന്നതിന് കത്തോലിക്ക സമൂഹങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ വത്തിക്കാന്റെ സുവിശേഷവല്‍ക്കരണ കാര്യാലയം പ്രസിദ്ധീകരിക്കും. 2025 ലെ ജൂബിലി വര്‍ഷത്തില്‍ മൂന്നരക്കോടി ആളുകള്‍ റോം നഗരം സന്ദര്‍ശിക്കുമെന്നാണ് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്. 25 വര്‍ഷം കൂടുമ്പോഴാണ് സഭ ജൂബിലികള്‍ ആഘോഷിക്കുന്നത്. 2025 ലെ ജൂബിലി വര്‍ഷം 2024 ക്രിസ്മസ് ദിനത്തില്‍ ആരംഭിക്കുകയും 2026 ജനുവരി 6 നു സമാപിക്കുകയും ചെയ്യും. വിശുദ്ധ വാതിലുകള്‍ തുറക്കുന്നതാണ് ജൂബിലി ഉദ്ഘാടനത്തിലെ ഒരു പ്രധാന ചടങ്ങ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇതു ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കും.