ജമൈക്കയിലേയ്ക്കുള്ള നാടുകടത്തലിനെതിരെ ബ്രിട്ടീഷ് സഭ
50-ഓളം പേരെ ജമൈക്കയിലേയ്ക്കു ബലം പ്രയോഗിച്ചു നാടുകടത്താനുള്ള ബ്രിട്ടന്‍റെ തീരുമാനത്തില്‍ ബ്രിട്ടനിലെ ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് ഉത്കണ്ഠ രേഖപ്പെടുത്തി. ഈ 50 പേരില്‍ മിക്കവരും ബ്രിട്ടനില്‍ തന്നെ ജനിച്ചവരോ കുട്ടികളായിരുന്നപ്പോള്‍ തന്നെ ബ്രിട്ടനിലേയ്ക്കു വന്നവരോ ആണെന്ന് ജെആര്‍എസ് ചൂണ്ടിക്കാട്ടി. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഡിറ്റെന്‍ഷന്‍ സെന്‍ററുകളില്‍ മൊബൈല്‍ ഫോണുകള്‍ തടഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ശരിയായ നിയമസഹായം തേടാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നും സഭാപ്രവര്‍ത്തകര്‍ പറഞ്ഞു. 1948 മുതലുള്ള വര്‍ഷങ്ങളില്‍ ബ്രിട്ടനിലേയ്ക്ക് പാസ്പോര്‍ട്ടുള്ള മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളും അവരുടെ തലമുറകളുമാണ് മിക്കവരും. ഇവര്‍ക്കു പാസ്പോര്‍ട്ടോ മറ്റു രേഖകളോ സ്വന്തമാക്കാന്‍ കഴിയാതെ വന്നു. 1971-ല്‍ ഇവര്‍ക്കു ബ്രിട്ടനില്‍ തുടരാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ 2016-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പൗരത്വം നിയമപരമായി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇവരുടെ ജോലികള്‍ നഷ്ടപ്പെടുകയും ഡിറ്റെന്‍ഷന്‍ സെന്‍ററുകളിലേയ്ക്കു മാറുകയും ചെയ്യേണ്ടി വന്നു. ഇവരെയാണ് ഇപ്പോള്‍ ജമൈക്കയിലേയ്ക്കു നാടുകടത്തുമെന്നു പറയുന്നത്. നിയമപരമായ സഹായം ലഭ്യമാക്കാതെ ഇവരെ നാടുകടത്തുന്നത് ശരിയല്ലെന്നു ചില രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. ബ്രിട്ടനല്ലാതെ മറ്റൊരു മാതൃഭൂമി കണ്ടിട്ടില്ലാത്തവരെ നാടു കടത്തുന്നതും കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നതും മനുഷ്യത്വവിരുദ്ധമാണെന്നു സഭ വ്യക്തമാക്കുന്നു.