''ഈ ജോലി എളുപ്പമല്ല'': പത്താം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

''ഈ ജോലി എളുപ്പമല്ല'': പത്താം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

മാര്‍പാപ്പയായിരിക്കുന്നത് എളുപ്പമുള്ള ജോലിയല്ലെന്നും ചെയ്യുന്നതിനു മുമ്പ് അതു പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാപ്പായുടെ ഈ പരാമര്‍ശം. ക്രിസ്തുവിനെ തള്ളിപ്പറയുകയെന്ന വീഴ്ച പത്രോസിനുണ്ടായി. എന്നിട്ടും ഉത്ഥാനത്തിനു ശേഷം പത്രോസിനെയാണ് ഈശോ തിരഞ്ഞെടുത്തത്. അതാണു കര്‍ത്താവ് നമ്മോടു കാണിക്കുന്ന കരുണ. പാപ്പായോടും ആ കരുണ അവിടുന്ന് കാണിക്കുന്നു. ഞാന്‍ പ്രയോജനശൂന്യനായ ഒരു ദാസന്‍ എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ 'മരണചിന്തകളില്‍' എഴുതിയത്. - മാര്‍പാപ്പ വിശദീകരിച്ചു.

ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ലെന്നു പാപ്പാ പറഞ്ഞു. ലോകത്തോടല്ല, കര്‍ത്താവിനോട് അനുരൂപരായിരിക്കുക എന്നതു പ്രധാനമാണ്. തന്നെ തിരഞ്ഞെടുത്ത കാര്‍ഡില്‍ സംഘത്തിന്റെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു തന്റെ ഭരണപരിപാടി. സഭ ഒരു വ്യാപാരസ്ഥാപനമോ സന്നദ്ധസംഘടനയോ അല്ല, പാപ്പാ ഒരു ഭരണാധികാരിയും അല്ല. കര്‍ത്താവ് എന്നെ വിധിക്കുക ഈശോ പഠിപ്പിച്ചതു പ്രകാരമുള്ള കാരുണ്യപ്രവൃത്തികള്‍ ചെയ്തുവോ എന്നതിനെ ആധാരമാക്കിയായിരിക്കും.- മാര്‍പാപ്പ വിശദീകരിച്ചു.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സഭയും സമാധാനം നിറഞ്ഞ ഒരു ലോകവുമാണു താന്‍ സ്വപ്നം കാണുന്നതെന്നും പാപ്പാ പറഞ്ഞു. പുരോഹിതാധിപത്യമാണ് ഒരു സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം. പുരോഹിതാധിപത്യത്തിലൂടെ രോഗാതുരനാകുന്ന ഒരു വൈദികന്‍, മെത്രാന്‍ അഥവാ കാര്‍ഡിനല്‍ സഭക്കു വലിയ നാശമുണ്ടാക്കുന്നു. അതൊരു പകര്‍ച്ചവ്യാധിയാണ്. പൗരോഹിത്യവത്കരിക്കപ്പെടുന്ന അത്മായര്‍ അതിനേക്കാള്‍ ദുരന്തമാണ്. അവര്‍ സഭയ്ക്കു ശല്യമാണ്. അത്മായര്‍ എപ്പോഴും അത്മായരായിരിക്കണം. -പാപ്പാ വ്യക്തമാക്കി.

തന്റെ ഭരണകാലത്ത് താന്‍ ഏറ്റവുമധികം സഹനമനുഭവിച്ച വിഷയം അഴിമതിയാണെന്നും പാപ്പ പറഞ്ഞു. സാമ്പത്തിക അഴിമതി മാത്രമല്ല ഇത്. ഹൃദയത്തിന്റെ അഴിമതി. അഴിമതി വലിയ ഉതപ്പാണ്. - പാപ്പാ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org