പത്രപ്രവര്‍ത്തകയുടെ മൃതസംസ്‌കാരത്തിലെ അക്രമം: ആഴത്തില്‍ മുറിവേറ്റെന്നു ക്രൈസ്തവസമൂഹം

പത്രപ്രവര്‍ത്തകയുടെ മൃതസംസ്‌കാരത്തിലെ അക്രമം: ആഴത്തില്‍ മുറിവേറ്റെന്നു ക്രൈസ്തവസമൂഹം

പലസ്തീനിയന്‍ പത്രപ്രവര്‍ത്തകയായ കൊല്ലപ്പെട്ട ഷിറീന്‍ അബു അഖ്‌ലേയുടെ മൃതദേഹസംസ്‌കാരകര്‍മ്മങ്ങള്‍ക്കിടെ ഇസ്രായേല്‍ പോലീസ് നടത്തിയ അക്രമം തങ്ങളെ ആഴത്തില്‍ മുറിവേല്‍പിച്ചുവെന്ന് വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹം പ്രസ്താവിച്ചു. ഇസ്രായേലിന്റെ നടപടികളെ ക്രൈസ്തസഭകളുടെ നേതാക്കള്‍ ശക്തമായി അപലപിച്ചു. മെല്‍കൈറ്റ് ഗ്രീക് കത്തോലിക്കാസഭാംഗവും അമേരിക്കന്‍ പൗരത്വമുള്ള പലസ്തീന്‍ വംശജയുമാണ് ഷിറീന്‍. വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥിക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ റെയിഡ് മാധ്യമസ്ഥാപനമായ അല്‍ ജസീറയ്ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പ്രസ് എന്നു വലിയ അക്ഷരങ്ങളിലെഴുതിയ ജാക്കറ്റ് ധരിച്ച് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ നിന്നിരുന്ന ഷിറീനെ ഇസ്രായേല്‍ സൈന്യം മനപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

ഷിറീന്റെ മൃതദേഹം സഭയുടെ ഉടമസ്ഥതയിലുള്ള സെ.ജോസഫ്‌സ് ആശുപത്രിയില്‍ നിന്നു മെല്‍കൈറ്റ് കത്തോലിക്കാസഭയുടെ കത്തീഡ്രല്‍ പള്ളിയിലേയ്ക്കു വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പോലീസിന്റെ ലാത്തിചാര്‍ജും ഗ്രനേഡ് പ്രയോഗവും. സഭയോടും ആരോഗ്യസ്ഥാപനത്തോടും മൃതദേഹത്തോടും കാണിച്ച കടുത്ത അനാദരവാണ് ഇസ്രായേലിന്റെ നടപടിയെന്ന് വിവിധ ക്രൈസ്തസഭകളുടെ നേതാക്കള്‍ ഒപ്പു വച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജറുസലേമിലെ ഗ്രീക് പാത്രിയര്‍ക്കീസും ലാറ്റിന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസും മറ്റു മെത്രാന്മാരും സഭാനേതാക്കളും ചേര്‍ന്നാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മതഭേദമെന്യേ എല്ലാവര്‍ക്കും 1950 കള്‍ മുതല്‍ ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് പോലീസ് അതിക്രമം നടത്തിയ സെ. ജോസഫ് ഹോസ്പിറ്റലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഷിറീന്റെ കൊലപാതകത്തെ കുറിച്ച് അടിയന്തിരമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ചെയ്യണമെന്നു ജറുസലേം ലാറ്റിന്‍ കത്തോലിക്കാ പാത്രിയര്‍ക്കേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org