ഐസിസില്‍ നിന്നു മോചിപ്പിച്ച സ്ഥലത്ത് ഇറാഖി ക്രൈസ്തവര്‍ വന്‍ കുരിശു സ്ഥാപിച്ചു

ഐസിസില്‍ നിന്നു മോചിപ്പിച്ച സ്ഥലത്ത് ഇറാഖി ക്രൈസ്തവര്‍ വന്‍ കുരിശു സ്ഥാപിച്ചു
Published on

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ നിന്നു മോചിപ്പിച്ച സ്ഥലത്ത് ഇറാഖിലെ മോസുള്‍ പ്രദേശത്തെ ക്രൈസ്തവര്‍ വലിയ കുരിശു സ്ഥാപിച്ചു. ഭീകരവാദികള്‍ തീര്‍ത്ത അന്ധകാരത്തിനെതിരെ ക്രൈസ്തവവിശ്വാസം നേടിയ വിജയത്തെ അടയാളപ്പെടുത്തുന്നതിനും പുനഃനിര്‍മ്മാണം സാദ്ധ്യമാക്കുന്നതിന്‍റെ പ്രകടമായ പ്രതീകമെന്ന നിലയ്ക്കുമാണ് ഈ കുരിശു നിര്‍മ്മിക്കുന്നതെന്ന് അവിടത്തെ ക്രൈസ്തവര്‍ അറിയിച്ചു. ബാഗ്ദാദിലെ കല്‍ദായ കത്തോലിക്കാ പാത്രിയര്‍ക്കീസ് ലൂയിസ് സാകോ ഇവിടെ സന്ദര്‍ശിക്കുകയും കുരിശ് ആശീര്‍വദിക്കുകയും ചെയ്തു. ഇവിടത്തെ സെ. ജോര്‍ജ്ജ് പ ള്ളിയില്‍ പാത്രിയര്‍ക്കീസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ ബലിയര്‍പ്പിക്കപ്പെടുന്നത്.
ഐസിസിന്‍റെ അന്ധകാരത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിനവേ തടത്തിലെ നഗരങ്ങളില്‍ ആദ്യമായി തെളിയുന്ന പ്രകാശനാളമാണ് ഇതെന്ന് പാത്രിയര്‍ക്കീസ് പറഞ്ഞു. ഇതു നമ്മുടെ നാടാണ്, നമ്മുടെ വീടാണ്. നാം പ്രത്യാശ വീണ്ടെടുക്കണം. ഇവിടം വിട്ടു പോയ ജനങ്ങള്‍ ഇവിടേയ്ക്കു മടങ്ങി വരികയും പുതിയൊരു ജീവിതഘട്ടം ആരംഭിക്കുകയും വേണം. അന്ധകാരത്തിന്‍റെ വിജയം താത്കാലികമാണെന്നും ക്രിസ്തുവിന്‍റെ സഭ പാറമേലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതെന്നും ലോകത്തോടു പ്രഖ്യാപിക്കുകയാണ് ഇവിടത്തെ ക്രൈസ്തവര്‍ – പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org