ഐറിഷ് സഭ ഭൂസ്വത്തിന്റെ 30% 2030 ഓടെ പ്രകൃതിക്കു മടക്കി നല്‍കും

ഐറിഷ് സഭ ഭൂസ്വത്തിന്റെ 30% 2030 ഓടെ പ്രകൃതിക്കു മടക്കി നല്‍കും

ഐര്‍ലണ്ടില്‍ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ 30% 2030 ഓടെ പരിസ്ഥിതിസംരക്ഷണം ലക്ഷ്യം വച്ച് പ്രകൃതിയിലേക്കു മടക്കി നല്‍കുവാന്‍ കത്തോലിക്കാ മെത്രാന്‍ സംഘം തീരുമാനിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി യുടെ ആഹ്വാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്. 2022-ല്‍ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള മോണ്‍ട്രിയോള്‍ യു എന്‍ സമ്മേളനം ഇപ്രകാരമൊരു തീരുമാനമെടുത്തിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് 30 ശതമാനം ഭൂമി പരിസ്ഥിതിസംരക്ഷണത്തിനു മാറ്റി വയ്ക്കുകയെന്ന തീരുമാനത്തിലേക്ക് ഐറിഷ് സഭ എത്തിയത്.

ഐര്‍ലണ്ടിലെ കത്തോലിക്കാസഭയ്ക്ക് 2650 പള്ളികളും 1355 ഇടവകകളുമാണ് 26 രൂപതകളിലായി ഉള്ളത്. ഓരോ ഇടവകയ്ക്കുമുള്ള ഭൂമിയുടെ കണക്കെടുക്കാനും പൂന്തോട്ട-പരിസ്ഥിതിവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്താനും സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൈവവൈവിധ്യത്തെ വളര്‍ത്തുന്ന സസ്യങ്ങള്‍ നട്ടു വളര്‍ത്താനും പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഭൂമി ഉപയോഗിക്കുക. ശ്മശാനഭൂമികളെയും ഈ ആവശ്യത്തിനായി പരിഗണിക്കാനാകുമെന്നു വിദഗ്ധര്‍ പറയുന്നു.

സഭയുടെ നീക്കത്തെ ദേശീയ ജൈവവൈവിധ്യ കേന്ദ്രം സ്വാഗതം ചെയ്തു. രാജ്യത്തുട നീളം പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സഭയുടെ പദ്ധതിക്കു കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org