ഇറാക്കില്‍ വീണ്ടും കത്തോലിക്ക ദേവാലയങ്ങള്‍ സജീവമാകുന്നു

ഇറാക്കില്‍ വീണ്ടും കത്തോലിക്ക ദേവാലയങ്ങള്‍ സജീവമാകുന്നു
Published on

ഇറാക്കില്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത ദേവാലയങ്ങള്‍ പുതുക്കി പണിയുകയും, പുനഃപ്രതിഷ്ഠ നടത്തി വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള ഇറാക്ക് എന്ന ഈ രാജ്യത്ത്, വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, അത് വലിയ ഒരു ദൗത്യമാണെന്നു, മൊസൂളിലെ ചരിത്രപ്രസിദ്ധമായ അല്‍-താഹിറ പള്ളിയുടെ പുനഃപ്രതിഷ്ഠയ്ക്കായുള്ള ദിവ്യബലിക്കുശേഷം ഇറാഖിലെ കല്‍ദായ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പ്രസ്താവിച്ചു.

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നശിപ്പിച്ചതും, തുടര്‍ന്ന് മൊസൂളിനെ അവരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതുമായ ദേവാലയം, പുതുക്കിപ്പണിതത്, സാധാരണ ആളുകളുടെ അത്യധ്വാനത്തിന്റെ ഫലമാണെന്നും, അവര്‍ ഇപ്പോള്‍ ക്ഷീണിതരാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും രണ്ടുലക്ഷം വിശ്വാസികള്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും വിശ്വാസവും പ്രത്യാശയും കൈമോശം വന്നിട്ടില്ല. എല്ലാം പ്രത്യാശയില്‍ അധിഷ്ഠിതമാണ് - പാത്രിയാര്‍ക്കീസ് പറഞ്ഞു.

ഐഎസില്‍ നിന്ന് മോചിതമായി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം, വളരെ കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമേ മൊസൂളില്‍ ഇപ്പോള്‍ താമസമുള്ളൂ, അതിനാല്‍ പുനഃസമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ചുറ്റുമുള്ള ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് എത്തിച്ചേര്‍ന്നവരായിരുന്നു. 'ഇപ്പോള്‍ കാര്യങ്ങള്‍ മുമ്പത്തേക്കാള്‍ മികച്ചതാണ്, പക്ഷേ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് ഞങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ദൈവം അനുവദിച്ചാല്‍ ഞങ്ങള്‍ക്ക് അവിടെ തന്നെ തുടരാന്‍ കഴിയും' - പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org