ഇറാഖില്‍ 450 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം

ഇറാഖില്‍ 450 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം
Published on

മധ്യപൂര്‍വദേശത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇറാഖിലെ മോസൂള്‍ സിറിയന്‍ കത്തോലിക്ക അതിരൂപതയിലെ കാരക്കോഷില്‍ 450 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം സംയുക്താഘോഷത്തില്‍ നടത്തി.

സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങി വരാനും അവിടെ തുടരാനും കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് ഹാനോ പ്രദേശത്തെ കത്തോലിക്കരെ അഭിനന്ദിച്ചു. ആര്‍ച്ചു ബിഷപ്പായിരുന്നു ആദ്യകുര്‍ബാന സ്വീകരണച്ചടങ്ങിലെ മുഖ്യകാര്‍മ്മികന്‍.

സജീവമായ ഈ സമൂഹം ക്രിസ്തു വിന്റെ ശരീരം സ്വീകരിക്കുന്നത് കാണു മ്പോള്‍ ഇവിടത്തെ കുടുംബങ്ങള്‍ വിശ്വാസത്തോടുള്ള അവരുടെ പ്രതിബദ്ധതയില്‍ തുടരുമെന്നും സഭ വളരുമെന്നും വ്യക്തമാവുകയാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. സഭയ്ക്ക് ഇതു വലിയ സന്തോഷത്തിന്റെ അവസരമാണെന്നും ക്രൈസ്തവ വിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണിത് എന്നും അദ്ദേഹം വിശദീകരിച്ചു.

2014 ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തെ തുടര്‍ന്നു നിനവേ സമതലങ്ങളില്‍ ഉള്‍പ്പെടുന്ന കാരക്കോഷില്‍ നിന്നു ക്രൈസ്തവര്‍ സമീപ പട്ടണങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരുന്നു. സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിന് വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ചു പോകാന്‍ മടിക്കാതിരുന്നവരാണ് ഇവിടത്തെ വിശ്വാസികള്‍ എന്ന് ആര്‍ച്ചുബിഷഷപ്പ് ഓര്‍മ്മിപ്പിച്ചു.

ഇറാഖി ക്രൈസ്തവരുടെ വന്‍തോതില്‍ ഉള്ള വിദേശ കുടിയേറ്റത്തിനിടയിലും 2017 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ നിന്ന് കാറക്കോഷ് വിമോചിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുറെ ക്രൈസ്തവര്‍ ഇവിടേക്ക് മടങ്ങിയെത്തുകയും വീടുകളും പള്ളികളും പുനര്‍നിര്‍മ്മിച്ചു താമസം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

പക്ഷേ ആകെ വിശ്വാസികളുടെ എണ്ണം 2014 ലെ 60,000 ത്തില്‍ നിന്ന് ഇന്ന് 30,000 ആയി കുറഞ്ഞിട്ടുണ്ട്. ഇത് സിറിയന്‍ കത്തോലിക്കാ സഭാംഗങ്ങളുടെ എണ്ണമാണ്. മറ്റു സഭകളിലുള്ള ക്രൈസ്തവര്‍ വേറെയുണ്ട്.

2021 ലെ ഇറാഖ് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെയും എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org