ഐറിഷ് സഭയും സര്‍ക്കാരും പുതിയൊരു സഹകരണത്തിനു തയ്യാറാകണം -ബിഷപ് ലീഹി

Published on

ഐര്‍ലണ്ടിലെ സഭയും സര്‍ക്കാരും പരസ്പര സഹകരണത്തിന്‍റെ പുതിയൊരു അദ്ധ്യായത്തിനു തുടക്കമിടണമെന്ന് ലിമെറിക് ബിഷപ് ബ്രെന്‍ഡന്‍ ലീഹി ആവശ്യപ്പെട്ടു. ഒരു പുതിയ ഉടമ്പടിക്കുള്ള വിനീതമായ അഭ്യര്‍ത്ഥനയാണിത്. ഐറിഷ് സമൂഹത്തിനു സേവനമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സഭയെ ഇവിടെ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട് – വിവാദങ്ങള്‍ സൃഷ്ടിച്ച അകല്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ബിഷപ് ലീഹി പറഞ്ഞു. ആഗോള കുടുംബസമ്മേളനത്തിനായി ഐര്‍ലണ്ട് സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്‍റെ വാക്കുകള്‍. വിവാദങ്ങളുണ്ടായെങ്കിലും രാജ്യത്തെ വിശ്വാസം അചഞ്ചലമാണെന്നാണ് കുടുംബസമ്മേളനത്തിന്‍റെ വിജയം തെളിയിച്ചത്. ചെയ്ത തിന്മ മാഞ്ഞുപോയെന്നല്ല കുടുംബസമ്മേളനത്തിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. മറിച്ച് അതിന്‍റെ വെളിച്ചത്തില്‍ മാത്രമായി സഭയുടെ ഭാവിയെ കാണുന്നത് സഭയുടെ ഇന്നത്തേയും ഭാവിയിലേയും സാദ്ധ്യതകളോടു ചെയ്യുന്ന അനീതിയായിരിക്കും. -ബിഷപ് ലീഹി വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org