
സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ ഇറാഖിലെ എര്‍ബിലില്‍ കത്തോലിക്കാസഭ സ്ഥാപിച്ച യൂണി വേഴ്‌സിറ്റി, കഴിഞ്ഞ അധ്യയന വര്‍ഷ ത്തിലെ 114 വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. സഭാനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ജീവിക്കുന്ന സാക്ഷ്യവും സാന്നിധ്യവുമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായതെന്ന് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ബഷര്‍ മാറ്റി വാര്‍ഡ് പറഞ്ഞു. നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സേവനം വിദ്യാഭ്യാസ മാണ്. കാരണം, പ്രത്യാശ സംവഹിക്കാനും ജീവിതത്തെ നവീകരിക്കാനും കഴിയുന്ന പുതിയ തലമുറകള്‍ക്ക് അത് രൂപം നല്‍കുന്നു. ക്രൈസ്തവരെയും മുസ്ലീങ്ങളെയും യസിദികളെയും ഒന്നിച്ചുകൂട്ടുന്ന ഒരു സംഭാഷണത്തിന്റെ യൂണിവേഴ്‌സിറ്റി ആയിട്ടാണ് എര്‍ബില്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയെ സഭ വിഭാവനം ചെയ്തിട്ടുള്ളത് - ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.
എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന അന്താരാഷ്ട്ര ഏജന്‍സി ഏര്‍പ്പെടുത്തിയ പോപ് ഫ്രാന്‍സിസ് സ്‌കോളര്‍ഷിപ്പുകള്‍ ആദ്യമായി നേടിയവര്‍ ഈ വര്‍ഷം ബിരുദധാരികളായവരില്‍ ഉള്‍പ്പെടുന്നു. ഒരു പതിറ്റാണ്ടു മുമ്പ് സ്ഥാപിതമായ ഈ യൂണിവേഴ്‌സിറ്റി ഇപ്പോള്‍ ഇറാക്കിലെ ഒരു പ്രമുഖ അക്കാദമിക ഗവേഷണ സ്ഥാപന മായി വളര്‍ന്നു കഴിഞ്ഞു. ഇറാഖിലെ വിവിധ പ്രദേശങ്ങളിലും സമുദായങ്ങളിലും നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകള്‍ യൂണിവേഴ്‌സിറ്റി ലഭ്യമാക്കുന്നു.
കൂടാതെ ദേശീയതല ത്തിലും അന്തര്‍ദേശീയതലത്തിലും ഉള്ള അക്കാദമിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇപ്പോള്‍ വിവിധ ബിരുദ കോഴ്‌സുകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടണ്ട്. കുര്‍ദിസ്ഥാന്‍ ഗവണ്‍മെന്റും ഇറാക്ക് ഗവണ്‍മെന്റും അംഗീകരിച്ചിട്ടുള്ളവയാണ് ഈ കോഴ്‌സുകള്‍. അന്താരാഷ്ട്ര അംഗീകാരവും കോഴ്‌സുകള്‍ക്കുണ്ട്.
ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ആശംസാ സന്ദേശവും ബിരുദദാന ചടങ്ങില്‍ വായിക്കപ്പെട്ടു.