
ഒരു പതിറ്റാണ്ടിനപ്പുറം നീണ്ട മരണങ്ങള്‍ക്കും വിനാശങ്ങള്‍ക്കുമൊടുവില്‍ ഇറാഖിലെ കാരക്കോഷ് മേഖലയിലെ കാല്‍ ലക്ഷത്തില്‍ പരം അസ്സിറിയന്‍ ക്രൈസ്തവര്‍ വിശുദ്ധവാരാഘോഷത്തിനായി ഓശാനഞായറാഴ്ച ഒത്തു ചേര്‍ന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലസ്ഥാനമാക്കിയ മോസുളിന് ഇരുപതു മൈല്‍ അകലെയാണ് കാരക്കോഷ്.
വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തിലുള്ള നഗരങ്ങളായ കാരക്കോഷിലും മോസുളിലും രണ്ടു പതിറ്റാണ്ടു മുമ്പു വരെ പതിനഞ്ചു ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്നതാണ്. 2004 ലെ അമേരിക്കന്‍ അധിനിവേശവും 2014 ലെ ഐസിസ് അധിനിവേശവും കഴിഞ്ഞതോടെ ഈ പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി കുറഞ്ഞു. പക്ഷേ ഈ വേദനകളെല്ലാം മറക്കുന്നതായിരുന്നു ഓശാനഞായറാഴ്ച കാരക്കോഷില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍. പ്രദക്ഷിണത്തിലും ദിവ്യബലിയിലും സിറിയന്‍ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യോനാന്‍ മുഖ്യകാര്‍മ്മികനായി. ഇറാഖിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് മിതിയാ ലെസ്‌കോവറും മറ്റു സിറിയന്‍ കത്തോലിക്കാ മെത്രാന്മാരും സഹകാര്‍മ്മികരായി.
അല്‍ താഹിറ സെ. മേരീസ് പള്ളിയില്‍ നിന്നാണ് ഓശാന പ്രദക്ഷിണം ആരംഭിച്ചത്. 1952 ല്‍ നിര്‍മ്മിതമായ ഈ ദേവാലയം ഐസിസ് ഭീകരര്‍ തകര്‍ത്തിരുന്നു. 2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനു മുന്നോടിയായി ആഗോളസഭയുടെ സഹായത്തോടെ പുനഃനിര്‍മ്മിക്കുകയായിരുന്നു. വിദേശത്തു സ്ഥിരതാമസമാക്കിയ ഇറാഖി ക്രൈസ്തവരും വിശുദ്ധവാരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇറാഖിലെത്തിയിട്ടുണ്ട്.