ഭീകരര്‍ നശിപ്പിച്ച ഇറാഖി പള്ളി പുനഃനിര്‍മ്മിച്ചു കുദാശ ചെയ്തു

Published on

ഇറാഖിലെ കാറക്കോഷില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 2014-ല്‍ നശിപ്പിച്ച കത്തോലിക്കാ ദേവാലയം പുനഃനിര്‍മ്മിച്ചു കൂദാശ ചെയ്തു. സിറിയന്‍ കത്തോലിക്കാസഭയുടെ മാര്‍ ബഹനാന്‍ & മര്‍ത്ത് സാറാ പള്ളിയാണ് സ്വര്‍ഗാരോപണതിരുനാള്‍ ദിനത്തില്‍ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. മോസുള്‍ ആര്‍ച്ചുപിഷപ് പെട്രോസ് മോഷ് മുഖ്യകാര്‍മ്മികനായി. 800 കുടുംബങ്ങളുള്ള ഇടവകയാണിതെന്നു വികാരി ഫാ. ജോര്‍ജ് ജഹോലാ അറിയിച്ചു. ഭീകരര്‍ കീഴടക്കുമ്പോള്‍ 50,000 കത്തോലിക്കരുള്ള നഗരമായിരുന്നു കാറക്കോഷ്. അക്രമത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ നഗരം വിട്ടുപോയി. ഇപ്പോള്‍ ഭീകരരെ തുരത്തി ഇറാഖ് നഗരം വീണ്ടെടുത്തു. അതിനു ശേഷം കാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ മടങ്ങി വന്നു. അപ്രകാരം ക്രൈസ്തവ ജനസംഖ്യ പകുതിയായി കുറഞ്ഞു. അധിനിവേശകാലത്ത് ഈ പള്ളി കൈയേറിയ ഭീകരര്‍ അള്‍ത്താരയും മണിമാളികയും കത്തിച്ചു കളയുകയും പള്ളിക്കെട്ടിടം ബോംബ് നിര്‍മ്മാണശാലയായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org