സര്‍ക്കസ് കാണാന്‍ രണ്ടായിരം പാവങ്ങള്‍ക്കു വത്തിക്കാന്റെ ക്ഷണം

സര്‍ക്കസ് കാണാന്‍ രണ്ടായിരം പാവങ്ങള്‍ക്കു വത്തിക്കാന്റെ ക്ഷണം

റോമില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധമായ റോണി റോളര്‍ സര്‍ക്കസ് കമ്പനിയുടെ പ്രകടനം കാണാന്‍ നഗരത്തിലെ തെരുവുവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും മാര്‍പാപ്പയുടെ ജീവകാരുണ്യവിഭാഗം അവസരമൊരുക്കി. രണ്ടായിരത്തോളം നിര്‍ധനരാണ് ക്ഷണം സ്വീകരിച്ചത്. മദര്‍ തെരേസായുടെ സിസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഇവരെ സര്‍ക്കസ് കൂടാരത്തിലേക്ക് അനുഗമിക്കുക. സിറിയ, ഉക്രെയിന്‍, കോംഗോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി വന്ന് റോമില്‍ തെരുവുകളില്‍ കഴിയുന്ന അഭയാര്‍ത്ഥികളും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ദുഷ്‌കരമായ ജീവിതം നയിക്കുന്ന മനുഷ്യര്‍ക്ക് ആത്മസംതൃപ്തിയുടെ ഏതാനും മണിക്കൂറുകള്‍ നല്‍കാനും അതുവഴി അവരില്‍ പ്രത്യാശയുണര്‍ത്താനുമാണ് ഈ സംരംഭമെന്നു ജീവകാരുണ്യവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കി പറഞ്ഞു. സര്‍ക്കസില്‍ അവതരിപ്പിക്കപ്പെടുന്ന കലയുടെയും സൗന്ദര്യത്തിന്റെയും പിന്നില്‍ ദീര്‍ഘകാലത്തെ പരിശീലനവും ത്യാഗങ്ങളുമുണ്ട്. അസാദ്ധ്യതകളെ സാദ്ധ്യമാക്കാന്‍ ദീര്‍ഘക്ഷമയ്ക്കും പരിശീലനത്തിനും കഴിയുമെന്നു നമ്മെ കാണിച്ചു തരിക കൂടിയാണ് സര്‍ക്കസ് താരങ്ങള്‍ ചെയ്യുന്നത് - കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org