ഭക്ഷണത്തില്‍ ബീഫെന്ന് ആരോപിച്ച് സഭയുടെ അനാഥാലയത്തിനെതിരെ അന്വേഷണം

ഭക്ഷണത്തില്‍ ബീഫെന്ന് ആരോപിച്ച് സഭയുടെ അനാഥാലയത്തിനെതിരെ അന്വേഷണം

മധ്യപ്രദേശില്‍ സീറോ മലബാര്‍ സഭയുടെ സാഗര്‍ രൂപത നടത്തുന്ന അനാഥാലായത്തിനെതിരെ വിദ്വേഷപ്രചാരണവും അതിന്റെ ചുവടു പിടിച്ച് പോലീസ് അന്വേഷണവും. അന്തേവാസികള്‍ക്കുള്ള ആഹാരത്തില്‍ പശുവിറച്ചി നല്‍കുന്നു, ബൈബിള്‍ പഠിപ്പിക്കുന്നു തുടങ്ങിയവയാണ് വര്‍ഗീയവാദികള്‍ അനാഥാലയത്തിനെതിരെ ആരോപിക്കുന്ന 'കുറ്റങ്ങള്‍'. ആരോപണങ്ങള്‍ നിഷേധിച്ച സഭാനേതൃത്വം ഇവ സഭയെ താറടിക്കാന്‍ ബോധപൂര്‍വം നടത്തുന്ന പ്രചാരണങ്ങളാണെന്നും അനാഥാലയത്തിന്റെ ഭൂമിയില്‍ കണ്ണു വച്ചിരിക്കുന്നവരാണ് ഇതിന്റെ പിന്നിലെന്നും വിശദീകരിച്ചു. സാഗര്‍ രൂപതയില്‍ മാത്രം കത്തോലിക്കാസ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.

സാഗര്‍ ജില്ലയിലെ ഷാംപുരയിലെ സെ. ഫ്രാന്‍സിസ് അനാഥാലയത്തില്‍ പോലീസിന്റെയും ജില്ല ശിശുക്ഷേമസമിതിയുടെയും സംയുക്തസംഘം അന്വേഷണത്തിനെത്തി. ഇവര്‍ കുട്ടികളുമായി സംസാരിക്കുകയും പത്തോളം കുട്ടികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തതായി ഡയറക്ടര്‍ ഫാ. സിന്റോ വര്‍ഗീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ശിശുക്ഷേമസമിതിയില്‍ നിന്നുള്ള മറ്റൊരു വനിതാസംഘം വരികയും എല്ലാ പെണ്‍കുട്ടികളുടെയും മൊഴിയെടുക്കുകയും ചെയ്തു. 19 വയസ്സിനു താഴെയുള്ള 21 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളുമാണ് അനാഥാലയത്തിലുള്ളത്.

ഗോവധനിരോധനം നിലവിലുള്ള മധ്യപ്രദേശില്‍ തങ്ങള്‍ക്ക് പശുവിറച്ചി കിട്ടാനുള്ള മാര്‍ഗമില്ലെന്നിരിക്കെയാണ് ദുരാരോപണങ്ങളെന്നു ഫാ. സിന്റോ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ആഹാരക്രമത്തിലുള്ള ചിക്കന്‍ മാത്രമാണ് അനാഥാലയത്തില്‍ നല്‍കുന്ന മാംസാഹാരം. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. -അദ്ദേഹം വിശദീകരിച്ചു.

ദരിദ്രര്‍ക്കും അധഃകൃതര്‍ക്കുമിടയില്‍ ക്രൈസ്തവര്‍ ചെയ്യുന്ന സേവനങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ഒരു തുടര്‍പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് സാഗര്‍ ബിഷപ് ജെയിംസ് അത്തിക്കളം പ്രസ്താവിച്ചു. ദരിദ്രര്‍ക്കു വേണ്ടി, വിശേഷിച്ചും അവരുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഭ നിരവധി സേവനങ്ങള്‍ ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം നേടുന്ന യുവതലമുറ ചൂഷണങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും എതിരെ നില്‍ക്കുന്നതുമൂലം നിക്ഷിപ്തതാത്പര്യക്കാര്‍ സഭയുടെ സ്ഥാപനങ്ങളെ വ്യാജപരാതികള്‍കൊണ്ട് ആക്രമിക്കുകയാണ്. ഓംകാര്‍ എന്നു പേരുള്ള ഒറ്റ വ്യക്തി മാത്രം സഭയുടെ സ്ഥാപനങ്ങള്‍ക്കെതിരെ 15 പരാതികള്‍ നല്‍കി. അവയെല്ലാം അന്വേഷണത്തില്‍ വ്യാജമാണെന്നു തെളിയിക്കപ്പെട്ടു. പക്ഷേ ഈ പരാതികളുടെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരികയും ക്രൈസ്തവര്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കുകയുമാണു ചെയ്യുന്നത്. അന്വേഷണഫലങ്ങള്‍ പുറത്തു വരുമ്പോള്‍ പത്രങ്ങള്‍ അവ പ്രസിദ്ധീകരിക്കാറില്ല.- ബിഷപ് വിശദീകരിച്ചു. പക്ഷേ സഭ ഇതിനു മുമ്പില്‍ തല കുനിക്കില്ലെന്നും പ്രശ്‌നങ്ങളും പ്രതിസന്ധികളും ക്രൈസ്തവജീവിതത്തിന്റെ ഭാഗമായതിനാല്‍ കഴിയുന്നിടത്തോളം ഈ സേവനങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ബിഷപ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org