വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുക, ആയുധങ്ങളിലല്ല: മാര്‍പാപ്പ

വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുക, ആയുധങ്ങളിലല്ല: മാര്‍പാപ്പ

വിദ്യാഭ്യാസരംഗത്തു പണം ചിലവഴിക്കുന്നത് ഈയടുത്ത വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറയുകയും സൈനികചിലവുകള്‍ ശീതയുദ്ധകാലത്തെ അവസ്ഥയിലേയ്ക്കു വര്‍ദ്ധിക്കുകയും ചെയ്തതായി ഫ്രാന്‍സിസ് മാര്‍പാപ്പ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തിനും ആയുധങ്ങള്‍ക്കുമായി പൊതുപ്പണം ചിലവഴിക്കുന്നതിന്റെ അനുപാതം ഇപ്പോഴത്തേതില്‍ നിന്നു നേരെ തിരിച്ചാക്കുന്ന തരത്തില്‍ സാമ്പത്തികനയങ്ങള്‍ രൂപീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നു ലോകസമാധാനദിനസന്ദേശത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. ''തലമുറകള്‍ക്കിടയിലെ സംഭാഷണം, വിദ്യാഭ്യാസം, ജോലി: സുസ്ഥിരസമാധാനസ്ഥാപനത്തിനുള്ള ഉപാധികള്‍'' എന്നതാണ് മാര്‍പാപ്പായുടെ 2022 ലെ ലോകസമാധാനദിനസന്ദേശത്തിന്റെ പ്രമേയം.

ജനുവരി 1 ആണ് സഭ ലോകസമാധാനദിനമായി ആഘോഷിച്ചു വരുന്നത്. ദൈവമാതാവിന്റെ തിരുനാളായ ജനുവരി 1 ലോകസമാധാനദിനമായി പ്രഖ്യാപിച്ചത് 1968 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ്. ഈ ദിനാഘോഷത്തിനു മുന്നോടിയായി മാര്‍പാപ്പ പുറപ്പെടുവിക്കുന്ന സന്ദേശം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ക്ക് പ്രത്യേകമായി അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധി രൂക്ഷമാക്കിയ ഒറ്റപ്പെടലിന്റെ പ്രശ്‌നങ്ങളെ നേരിടുന്നതിന് യുവജങ്ങളും വയോധികരും തമ്മില്‍ പുതിയ സഖ്യം രൂപപ്പെടുത്തണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. സാങ്കേതിക, സാമ്പത്തിക വികസനം തലമുറകള്‍ തമ്മിലുള്ള വിടവു വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തലമുറാന്തര പങ്കാളിത്തത്തിന്റെ അടിയന്തിരമായ ആവശ്യകതയെ കാണിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി. വയോധികരുടെ ജ്ഞാനവും അനുഭവസമ്പത്തും യുവജനങ്ങള്‍ക്കാവശ്യമുണ്ട്. വയോജനങ്ങള്‍ക്കാകട്ടെ യുവതലമുറയുടെ പിന്തുണയും സ്‌നേഹവും സര്‍ഗാത്മകതയും സജീവതയും ആവശ്യമുണ്ട്. -പാപ്പാ വിശദീകരിച്ചു.

വിദ്യാഭ്യാസത്തെയും പരിശീലനങ്ങളെയും നിക്ഷേപത്തിനു പകരം പണച്ചിലവായി കാണുന്ന പ്രവണതയെ മാര്‍പാപ്പ വിമര്‍ശിച്ചു. സമഗ്രമനുഷ്യവികസനത്തിനുള്ള പ്രാഥമികമാര്‍ഗങ്ങളാണ് അവ. വിദ്യാഭ്യാസത്തില്‍ കൂടുതല്‍ നിക്ഷേപം നടക്കണം. അതോടൊപ്പം 'കരുതലിന്റെ സംസ്‌കാരം' വളര്‍ത്തിയെടുക്കുകയും വേണം. തടസ്സങ്ങള്‍ തകര്‍ക്കാനും പാലങ്ങള്‍ നിര്‍മ്മിക്കാനും ഇതു സഹായകരമാകും. തൊഴില്‍ വിപണിയില്‍ തങ്ങളുടെ ശരിയായ ഇടം കണ്ടെത്താനും തങ്ങളുടെ ജോലിയിലൂടെ കൂടുതല്‍ വാസയോഗ്യവും മനോഹരവുമായ ഒരു ലോകം സൃഷ്ടിക്കാനും യുവജനങ്ങളെ ഇതു സഹായിക്കും. - മാര്‍പാപ്പ വിശദീകരിച്ചു. തൊഴില്‍ ചെയ്യുന്നവരില്‍ മൂന്നിലൊരാള്‍ക്കു മാത്രമേ സാമൂഹ്യസുരക്ഷ ലഭിക്കുന്നുള്ളൂവെന്നും അന്തസ്സുള്ള തൊഴിലവസരങ്ങള്‍ വിപുലമാക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org