
ആള്‍ക്കൂട്ടങ്ങളില്‍ നിന്നു ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു കൊല്ലാനാരംഭിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പോരാളികളെന്നു വാര്‍ത്ത. ക്രൈസ്തവരാണെന്നു തിരിച്ചറിയാനായാല്‍ അവിടെ വച്ചു തന്നെ വെടിവയ്ക്കുകയാണെന്നും വിമാനത്താവളത്തില്‍ തങ്ങുന്ന അഫ്ഗാന്‍ പൗരന്മാര്‍ പറഞ്ഞു. എന്നാല്‍, ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ ക്രൈസ്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ അമേരിക്ക തയ്യാറാകുന്നില്ല. സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയച്ചു ക്രൈസ്തവരെ ഒഴിപ്പിക്കാന്‍ ചില ചാരിറ്റി സംഘടനകള്‍ നടത്തിയ ഒരുക്കങ്ങളെയും അമേരിക്ക പിന്തുണച്ചില്ല. പത്രക്കാര്‍, പൈലറ്റുമാര്‍, വിദ്യാഭ്യാസവിദഗ്ദ്ധര്‍, പൗരപ്രമുഖര്‍, ഭീഷണി നേരിടുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണു അമേരിക്കയുടെ മുന്‍ഗണന. ക്രൈസ്തവരോ മതന്യൂനപക്ഷങ്ങളോ ഈ പട്ടികയിലില്ല. തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു എന്ന വേദനയിലാണ് അഫ്ഗാനിലെ ക്രൈസ്തവരെന്നു സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.
പന്ത്രണ്ടായിരത്തോളം ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണു ഔദ്യോഗിക കണക്ക്. എന്നാല്‍ രഹസ്യമായി ക്രൈസ്തവരായി കഴിയുന്നവര്‍ വേറെയുമുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. വിശ്വാസം പരസ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇവര്‍ക്കു കടുത്ത ശിക്ഷകളാണ് താലിബാന്‍ ഉദ്ദേശിക്കുന്നതെന്ന ഭീതി ഉണ്ട്. ഇസ്ലാം ഉപേക്ഷിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന നിയമത്തിന്റെ പേരില്‍ അമുസ്ലീങ്ങളെ പീഡിപ്പിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. ഇതുകൊണ്ടാണ് രാജ്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ ക്രൈസ്തവര്‍ ആഗ്രഹിക്കുന്നത്.
നസ്രായന്‍ ഫണ്ട് എന്ന ചാരിറ്റി സംഘടന മൂന്നു ദിവസം കൊണ്ട് അഫ്ഗാന്‍ ക്രൈസ്തവര്‍ക്കു വേണ്ടി 2.8 കോടി ഡോളര്‍ സമാഹരിച്ചു. റേഡിയോ സെലിബ്രിറ്റിയായ ഗ്ലെന്‍ ബെക്കിന്റെ പിന്തുണയോടെ ആയിരുന്നു ഇത്. അഫ്ഗാനില്‍ നിന്നു ക്രൈസ്തവരുള്‍പ്പെടെ 5200 പേരെ ഒഴിപ്പിക്കാന്‍ തങ്ങള്‍ക്കു സാധിച്ചുവെന്ന് അവര്‍ അറിയിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അഭയാര്‍ത്ഥിത്വത്തില്‍ മുന്‍ഗണന നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേക വിമാനങ്ങള്‍ അയക്കാനുള്ള അനുമതി യു എസ് നല്‍കാത്തതിനാല്‍ കൂടുതല്‍ ചെയ്യാനാകുന്നില്ലെന്നു ചാരിറ്റി അധികാരികള്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിലെ ഒഴിപ്പിക്കല്‍ ആഗസ്റ്റ് 31 വരെ യു എസ് സേനയുടെ നിയന്ത്രണത്തിലാണു നടക്കുന്നത്.