മതതീവ്രവാദികള്‍ക്കെതിരെ ഇമ്രാന്‍ ഖാന്‍; രാഷ്ട്രീയപ്രസ്താവന മാത്രമെന്നു പാക് സഭ

മതതീവ്രവാദികള്‍ക്കെതിരെ ഇമ്രാന്‍ ഖാന്‍; രാഷ്ട്രീയപ്രസ്താവന മാത്രമെന്നു പാക് സഭ

മതത്തിന്റെയും പ്രവാചകന്റെയും പേരില്‍ നിയമം കൈയിലെടുക്കുന്ന മതതീവ്രവാദികളെ കര്‍ക്കശമായി നേരിടുമെന്നും ശിക്ഷിക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു. മതദൂഷണക്കുറ്റം ആരോപിക്കപ്പെടാമെന്ന ഭയപ്പാടില്‍ എല്ലാവരും ജീവിക്കേണ്ടി വരുന്നു. ഈ കുറ്റം ആരോപിക്കപ്പെട്ടാല്‍ അഭിഭാഷകരോ ജഡ്ജിമാരോ ഇവര്‍ക്കു വേണ്ടി നിലകൊള്ളാന്‍ താത്പര്യപ്പെടുന്നില്ല. -ഖാന്‍ ചൂണ്ടിക്കാട്ടി. ശ്രീലങ്കന്‍ പൗരത്വമുള്ള പ്രിയന്ത കുമാരയെ പാക്കിസ്ഥാനില്‍ ഒരാള്‍ക്കൂട്ടം മതദൂഷണക്കുറ്റം ആരോപിച്ചു അടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നു ചേര്‍ന്ന അനുശോചനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.

പാക്കിസ്ഥാനിലെ ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളും വ്യാജമായ മതദൂഷണക്കേസുകളും ആക്രമണങ്ങളും നേരിടുന്നതു വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ രണ്ടു ക്രിസ്ത്യന്‍ നഴ്‌സുമാരെ ആള്‍ക്കൂട്ടാക്രമണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ പോലീസിന് ഇടപെടേണ്ടി വന്നു. ഇവര്‍ മതദൂഷണം നടത്തിയെന്ന് ആശുപത്രിയിലെ ചില ജീവനക്കാര്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട നഴ്‌സുമാര്‍ക്ക് സെപ്തംബര്‍ മാസത്തിലാണ് ജാമ്യം ലഭിച്ചത്. മതദൂഷണവിരുദ്ധത പ്രധാനവിഷയമായി സ്വീകരിച്ചിരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി പാക്കിസ്ഥാനില്‍ ശക്തിയാര്‍ജിക്കുന്നതും പുതിയ സംഭവവികാസങ്ങള്‍ക്കു പ്രേരണയാകുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു രാഷ്ട്രീയതന്ത്രമായി മാത്രമേ കാണാനാകൂ എന്ന് പാക് ക്രൈസ്തവസഭാനേതാക്കള്‍ പ്രതികരിച്ചു. രാഷ്ട്രത്തലവനെന്ന നിലയില്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കാന്‍ പ്രധാനമന്ത്രിയ്ക്കു ബാദ്ധ്യതയുണ്ടെന്നും ആള്‍ക്കൂട്ടം വിധിയെഴുതുകയും നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും ലൂഥറന്‍ ബിഷപ് ജിമ്മി മാത്യു വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org