ഇറാഖിലെ ക്രൈസ്തവസാന്നിധ്യത്തിനു തൊഴില്‍ പ്രധാനമെന്നു സഭാധ്യക്ഷന്‍

Church leader says employment is crucial for the Christian presence in Iraq.
Published on: 

ഇറാഖിലെ ക്രൈസ്തവര്‍ തങ്ങളുടെ ചരിത്രപരമായ മാതൃ രാജ്യത്ത് തുടരുന്നത് വെറും സുരക്ഷയെ മാത്രം ആശ്രയിച്ചല്ല, മറിച്ച് പുതിയ തലമുറയ്ക്ക് അനുയോജ്യമായ ജോലികള്‍ കണ്ടെത്താനും സുസ്ഥിരമായ ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുന്നുണ്ടോ എന്നതിനെക്കൂടി ആശ്രയിച്ചാണെന്ന് എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ ആർച്ചുബിഷപ് ബാഷര്‍ വര്‍ദ വ്യക്തമാക്കുന്നു. യുവ ഇറാഖികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ സമൂഹങ്ങളെ ശക്തമാക്കാന്‍ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, സുസ്ഥിരമായ തൊഴില്‍ ലഭ്യത എന്നിവ അത്യാവശ്യമാണെന്ന് ആര്‍ച്ചുബിഷപ് വര്‍ദ പറഞ്ഞു.

എര്‍ബിലിലെ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ സംസാരി ക്കവെ, ഇറാഖിന്റെ സാമ്പത്തിക ഘടനയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണമെന്ന് വര്‍ദ ചൂണ്ടി ക്കാട്ടി. ഗവണ്‍മെന്റ് പദ്ധതികളും പൊതുമേഖലാ ജോലികളുമാണ് ഇന്നും സാമ്പത്തികരംഗത്ത് വലിയ പങ്കുവഹിക്കുന്നത്. അതേസമയം, വളര്‍ന്നുവരുന്ന യുവജനങ്ങള്‍ക്ക് അനുയോജ്യമായ സുസ്ഥിരമായ ജോലികള്‍ സൃഷ്ടിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വേള്‍ഡ് ബാങ്ക് കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 15.5% ആണ്.

ഇറാഖിലെ ക്രൈസ്തവ സാന്നി ധ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സഭയും മറ്റ് സ്ഥാപനങ്ങളും, യുവ ക്രൈസ്തവരെ വിദ്യാഭ്യാസത്തില്‍ നിന്ന് തൊഴിലിലേക്ക് നയിക്കുന്നതിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി. എര്‍ബില്‍ അതിരൂപതയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിലവില്‍ വംശീയ-മത ഭേദമന്യേ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഏകദേശം 950 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് വര്‍ദ പറഞ്ഞു. എന്നിരുന്നാലും, ഇറാഖി സമൂഹവും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹവും നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഇതൊരു ചെറിയ സംഖ്യയാണെന്നും അദ്ദേഹം പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org