ഹംഗറിയില്‍ വിവാഹങ്ങള്‍ വര്‍ദ്ധിച്ചു; കുഞ്ഞുങ്ങള്‍ കൂടിയില്ല

ജനനനിരക്ക് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഹംഗറിയിലെ ഭരണകൂടം വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ചെയ്യുന്ന ദമ്പതിമാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അത് കുഞ്ഞുങ്ങളുടെ ജനനനിരക്കില്‍ പ്രതിഫലിച്ചിട്ടില്ല. വധുവിനു 41 വയസ്സാകുന്നതിനു മുമ്പു വിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് സൗജന്യനിരക്കിലുള്ള വായ്പയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു കുട്ടികളുണ്ടാകുകയാണെങ്കില്‍ വായ്പയുടെ മൂന്നിലൊന്ന് തിരിച്ചടക്കേണ്ടതില്ല. മൂന്നു കുഞ്ഞുങ്ങളുണ്ടാകുകയാണെങ്കില്‍ വായ്പ പൂര്‍ണമായും സൗജന്യമാക്കും. ഈ പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഹംഗറിയിലെ വിവാഹങ്ങളില്‍ 2019-ലെ ആദ്യ ഒമ്പതു മാസങ്ങളില്‍ 2018-ലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് 20% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജനനനിരക്ക് പക്ഷേ 2018-ലേതില്‍നിന്ന് 1.6% കുറഞ്ഞിരിക്കുകയാണ്. ഒരു സ്ത്രീക്ക് 1.48 എന്നതാണ് ഹംഗറിയിലെ ഇപ്പോഴത്തെ ജനനനിരക്ക്. ഇത് 2.1 ആയെങ്കില്‍ മാത്രമേ ജനസംഖ്യ കുറയാതെ നില്‍ക്കുകയുള്ളൂ. ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്നതെന്നും ഓരോ കുടുംബത്തിനും പാര്‍പ്പിടം, വാഹനം തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്ന പണം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇതു വരുംവര്‍ഷങ്ങളില്‍ ജനനനിരക്കില്‍ പ്രതിഫലിക്കുമെന്നുമാണ് അധികാരികളുടെ പ്രതീക്ഷ. പത്തു വര്‍ഷം കൊണ്ട് ഈ നടപടികളുടെ ഫലം കാണാനാകുമെന്നാണ് കരുതുന്നതെന്നു പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org