എളിമയാണു സ്വര്‍ഗത്തിലേക്കു നയിക്കുന്ന പാത -ഫ്രാന്‍സിസ് മാര്‍പാപ്പ

എളിമയാണു സ്വര്‍ഗത്തിലേക്കു നയിക്കുന്ന പാത -ഫ്രാന്‍സിസ് മാര്‍പാപ്പ

Published on

എളിയവരെയാണു ദൈവം ഉയര്‍ത്തുന്നത് എന്നതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് പ. കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രസ്താവിച്ചു. എളിമയാണു സ്വര്‍ഗത്തിലേയ്ക്കു നയിക്കുന്ന പാത. നമ്മുടെ വരങ്ങളോ സമ്പത്തോ കാര്യങ്ങള്‍ ചെയ്യുന്നതിലെ മികവോ കൊണ്ടല്ല ദൈവം നമ്മെ ഉയര്‍ത്തുന്നത്. പാപ്പാ പറഞ്ഞു. സ്വര്‍ഗാരോപണ തിരുനാളില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുകയായിരുന്നു അദ്ദേഹം.
ആത്മാവില്‍ ദരിദ്രരായിരിക്കുക, അതായത്, ദൈവത്തെ ആവശ്യമുള്ളവരായിരിക്കുക എന്നതാണു പ്രധാനം. -പാപ്പാ തുടര്‍ന്നു. തങ്ങളെക്കൊണ്ടു തന്നെ സ്വയം നിറച്ചിരിക്കുന്നവര്‍ക്കുള്ളില്‍ ദൈവത്തിന് ഇടമുണ്ടാകുകയില്ല. വിനീതരായിരിക്കുന്നവരാകട്ടെ മഹാകാര്യങ്ങള്‍ നേടാന്‍ കര്‍ത്താവിനെ അനുവദിക്കുന്നു. സ്വന്തം എളിമ എപ്രകാരമാണ് എന്ന് സ്വയം പരിശോധന നടത്താന്‍ നാം തയ്യാറാകണം. മറ്റുള്ളവരുടെ അംഗീകാരം തേടുന്നവരാണോ നാം? സേവിക്കുന്നതിനെക്കാള്‍ പ്രശംസിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? സംസാരിക്കാന്‍ മാത്രമാണോ ഞാനാഗ്രഹിക്കുന്നത്, അല്ലെങ്കില്‍ മറിയത്തെ പോലെ ശ്രവിക്കാന്‍ എനിക്കറിയാമോ? മറിയത്തെ പോലെ നിശബ്ദത പാലിക്കാന്‍ എനിക്കറിയാമോ, അതോ സദാ സംസാരിച്ചുകൊണ്ടിരിക്കുകയാണോ? തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഒരു ചുവടു പിന്നോട്ടു വയ്ക്കാന്‍ അറിയാമോ, അതോ എല്ലായിടത്തും ജയിക്കാനാണോ ആഗ്രഹിക്കുന്നത്? ഈ ചേദ്യങ്ങളെ കുറിച്ച് നാമോരോരുത്തരും ചിന്തിക്കണം. – മാര്‍പാപ്പ വിശദീകരിച്ചു.
ത്രികാലജപം ചൊല്ലിയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അഫ്ഗാനിസ്ഥാനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ ചിതറിക്കപ്പെട്ട ജനത്തിനു – സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും – സ്വന്തം ഭവനങ്ങളിലേയ്ക്കു മടങ്ങാനും സമാധാനത്തോടെ ജീവിക്കാനും കഴിയട്ടെയെന്നും സായുധസംഘര്‍ഷം അവസാനിപ്പിച്ച് സംഭാഷണത്തിലൂടെ പ്രശ്‌നപരിഹാരം സാദ്ധ്യമാക്കാനാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

logo
Sathyadeepam Online
www.sathyadeepam.org