
2024 ല്‍ താന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി. ഈ വര്‍ഷം ആഗസ്റ്റില്‍ പാപ്പാ പോര്‍ട്ടുഗലിലേക്കു പോകുന്നുണ്ട്. ആഗോള യുവജനദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണത്. തുടര്‍ന്ന് സെപ്തംബറില്‍ മാഴ്‌സീലേ സന്ദര്‍ശിക്കും. മെഡിറ്ററേനിയന്‍ മെത്രാന്‍ സംഘത്തിന്റെ യോഗമാണ് ഫ്രഞ്ച് പര്യടനത്തിലെ പ്രധാന പരിപാടി. ഫ്രാന്‍സില്‍ നിന്നു മംഗോളിയായിലേക്കു പോകുന്നതും പരിഗണനയിലുണ്ടെന്നു പാപ്പാ പറഞ്ഞു. അതു സാദ്ധ്യമാകുകയാണെങ്കില്‍ മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും അദ്ദേഹം.
2017 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. 2021 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ഇന്ത്യ സന്ദര്‍ശിക്കുന്നതിനു ക്ഷണിക്കുകയും ചെയ്തിരുന്നു. തനിക്കു ലഭിച്ച വലിയ സമ്മാനമാണ് ഈ ക്ഷണമെന്നു മാര്‍പാപ്പ അന്നു പ്രതികരിക്കുകയും ചെയ്തു. പേപ്പല്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കണമെന്നു അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സംഘം ഒന്നിലേറെ തവണ ഇന്ത്യന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
1964 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. മുംബൈയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു അത്. വിപുലമായ ഒരു പേപ്പല്‍ പര്യടനം നടത്തുന്നത് 1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. പത്തു ദിവസം നീണ്ടു നിന്ന ആ പര്യടനത്തില്‍ പാപ്പ ഡല്‍ഹി, കൊല്‍ക്കത്ത, റാഞ്ചി, മുംബൈ, പുണെ, ഗോവ, ചെന്നൈ, മംഗലാപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അനേകം പൊതുപരിപാടികളില്‍ പങ്കെടുത്തു. പിന്നീട് 1999 ല്‍ അദ്ദേഹം ദല്‍ഹിയില്‍ ഒരു ഹ്രസ്വസന്ദര്‍ശനം നടത്തിയിരുന്നു. ഏഷ്യന്‍ മെത്രാന്‍ സിനഡിനൊടുവില്‍ പുറപ്പെടുപിച്ച 'സഭ ഏഷ്യയില്‍' എന്ന അപ്പസ്‌തോലിക പ്രഖ്യാപനം പ്രകാശനം ചെയ്യുന്നതിനായിരുന്നു പ്രധാനമായും ഈ സന്ദര്‍ശനം.