
ഗാസയിലെ മാനവീക പ്രതിസന്ധി തങ്ങളെയെല്ലാം ബാധിക്കുന്ന ഗുരുതരമായ ഒന്നാണെന്നും അവിടേക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് ഇസ്രായേല്‍ അനുമതി നല്‍കണമെന്നും ജെറുസലേമിലെ വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ പ്രസ്താവിച്ചു. അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ഇരുപക്ഷങ്ങളോടും ആവശ്യപ്പെട്ടു.
നമുക്കെല്ലാം പ്രിയപ്പെട്ട വിശുദ്ധനാട് കഴിഞ്ഞ ഒരാഴ്ച കൊണ്ട് തിരിച്ചറിയാനാകാത്തവിധം മാറിപ്പോയെന്നും നിരപരാധികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളെ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കി. ആത്യന്തികമായി ഇതിനു വില കൊടുക്കുന്നത് പൗരന്മാരാണ്. ഗാസയില്‍ നിന്നൊഴിഞ്ഞു പോകണമെന്ന ഇസ്രായേലിന്റെ കല്‍പന നിലവിലുള്ള ദുരന്തസമാനമായ പ്രതിസന്ധിയെ കൂടുതല്‍ ഗാഢമാക്കുകയേയുള്ളൂ. ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞു പോകാനുള്ള യാതൊരു മാര്‍ഗങ്ങളുമില്ല. അത് അപ്രായോഗികമാണ്. ഗാസയിലെ നിരപരാധികളായ പൗരന്മാര്‍ക്ക് ചികിത്സാസഹായങ്ങളും അടിസ്ഥാനാവശ്യങ്ങളും ലഭ്യമാക്കണം. -ക്രൈസ്തനേതാക്കള്‍ വിശദീകരിച്ചു.