മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക: മാര്‍പാപ്പ

മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക: മാര്‍പാപ്പ

മനുഷ്യ വ്യക്തിയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പക്ഷം, ഭിന്നിപ്പുകളെ മറികടന്നും ശത്രുതയുടെ മതിലുകളെ തകര്‍ത്തും സംഭാഷണത്തിലും സംഘാതപ്രവര്‍ത്തനത്തിലും ഏര്‍പ്പെടുക സാധ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. അപരനെ ശത്രുവാക്കി മാറ്റുന്ന സ്വാര്‍ത്ഥതാല്പര്യത്തിന്റെയും അധികാരത്തിന്റെയും ശക്തികളെ ജയിക്കാനും ഇത് ആവശ്യമാണ്. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടനയുടെ ഇറ്റാലിയന്‍ ഘടകത്തിന്റെ ആറായിരത്തോളം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. ഇറ്റലിയില്‍ റെഡ് ക്രോസ് സ്ഥാപിതമായതിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. സാഹോദര്യം സാധ്യമാണ് എന്നതിന്റെ ദൃശ്യ അടയാളമാണ് റെഡ് ക്രോസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. മാനവികത, നിഷ്പക്ഷത, സമഭാവന, സ്വാതന്ത്ര്യം, സന്നദ്ധ പ്രവര്‍ത്തനം, ഐക്യം, സാര്‍വത്രികത തുടങ്ങിയ തത്വങ്ങളാല്‍ പ്രചോദിതമായിട്ടാണ് റെഡ് ക്രോസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ - പാപ്പ പറഞ്ഞു.

ആയുധങ്ങളുടെ ഗര്‍ജനം ജനങ്ങളുടെ നിലവിളിയെയും സമാധാന വാഞ്ഛയെയും ഭാവിയെയും ശ്വാസംമുട്ടിക്കുന്ന എല്ലായിടങ്ങളിലും റെഡ് ക്രോസ് സംഘടനയുടെ സാന്നിധ്യം ഇന്നലെ എന്നപോലെ ഇന്നും ഫലപ്രദവും അമൂല്യവുമാണ് - പാപ്പ പറഞ്ഞു. ഓരോ മനുഷ്യവ്യക്തിയും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ മനുഷ്യാവകാശങ്ങള്‍ അലംഘനീയങ്ങളാണ്. ലോകത്തിന്റെ ഏതൊരു ഭാഗവും സഹനത്തില്‍ നിന്ന് മുക്തമല്ല. അതിനാല്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഐക്യദാര്‍ഢ്യം ആഗോളവല്‍ക്കരിക്കേണ്ടതുണ്ട്, പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org