തീവ്രവാദത്തെ ചെറുക്കാന്‍ നൈജീരിയയെ സഹായിക്കണമെന്ന് യുഎസ് സഭ

തീവ്രവാദത്തെ ചെറുക്കാന്‍ നൈജീരിയയെ സഹായിക്കണമെന്ന് യുഎസ് സഭ

തീവ്രവാദ ശക്തികളെ നേരിടാന്‍ നൈജീരിയവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടണമെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സംഘം തങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൈജീരിയയില്‍ നടക്കുന്നത് ക്രിസ്ത്യന്‍ വംശഹത്യയാണെന്ന് അവിടുത്തെ സഭ പറയുന്നതായി അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ അന്താരാഷ്ട്ര നീതി - സമാധാന കമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ് ഏലിയാസ് സൈദാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കത്തോലിക്ക വൈദികരെ നിരന്തരം തട്ടിക്കൊണ്ടു പോവുകയും ചിലപ്പോള്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ക്രിസ്മസിനുണ്ടായ കൂട്ടക്കൊലകളുടെ പരമ്പരയില്‍ 200 ലേറെ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. നൈജീരിയന്‍ സമ്പദ്‌വ്യവസ്ഥയും സുരക്ഷയും ഗുരുതരമായ തകര്‍ച്ച നേരിടുകയാണെന്ന് നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സംഘം നേരത്തെ പ്രസ്താവിച്ചിരുന്നു. ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. സായുധരായ കാലിമേച്ചില്‍ക്കാരും കൊള്ളക്കാരും ഗ്രാമങ്ങളെയും യാത്രക്കാരെയും ആക്രമിക്കുകയും നിരപരാധികളെ മോചനദ്രവ്യത്തിനായി തട്ടിയെടുക്കുകയും ചെയ്യുന്നു - സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ബിഷപ്പ് സൈദാന്‍ വിശദീകരിച്ചു.

രാഷ്ട്രീയ പിന്തുണക്കാരും ചങ്ങാതികളും മാത്രമായി അമേരിക്ക കൂട്ടുകൂടിയാല്‍ പോരെന്നും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്നും മെത്രാന്‍ സംഘം ഓര്‍മ്മിപ്പിക്കുന്നു. നൈജീരിയ കൂടുതല്‍ കുഴപ്പങ്ങളിലേക്കും അരാജകത്വത്തിലേക്കും പോകാതിരിക്കാന്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നു കത്ത് ചൂണ്ടിക്കാട്ടുന്നു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org