അര ലക്ഷത്തിലേറെ കുട്ടികള്‍ ബാലദിനാഘോഷത്തിനെത്തി

അര ലക്ഷത്തിലേറെ കുട്ടികള്‍ ബാലദിനാഘോഷത്തിനെത്തി

വത്തിക്കാന്‍ ആദ്യമായി സംഘടിപ്പിച്ച ആഗോള ബാലദിനാഘോഷത്തിനായി നൂറിലേറെ ലോകരാജ്യങ്ങളില്‍ നിന്നുള്ള അര ലക്ഷത്തിലേറെ കുട്ടികള്‍ റോമിലെത്തി. റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുട്ടികളെ അഭിസംബോധന ചെയ്തു. ഇറ്റാലിയന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും കുട്ടികളും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

യുദ്ധത്തെ സംബന്ധിച്ച് ദുഃഖമുണ്ടോ എന്ന ചോദ്യത്തോടെയാണ് മാര്‍പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. ചോദ്യത്തിന് എല്ലാ കുട്ടികളും ഏകകണ്ഠമായി ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. ''നിങ്ങളുടെ നിരവധി സമപ്രായക്കാര്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. ഈ യാഥാര്‍ത്ഥ്യം എന്റെയും മനസ്സിലുണ്ട്. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. യുദ്ധം മൂലം സഹനമനുഭവിക്കുന്ന, ഭക്ഷണം കഴിക്കാ നാകാത്ത, ചികിത്സ ലഭിക്കാനാകാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.'' പ്രത്യാശയോടെ ജീവിതത്തില്‍ മുന്നോട്ടു പോകണമെന്നും സന്തോഷം കണ്ടെത്തണമെന്നും കുട്ടികളോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദൈവം എല്ലാം പുതുതാക്കുന്നു എന്ന പ്രമേയം സൂചിപ്പിച്ചുകൊണ്ട്, ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറാന്‍ പാപ്പ നിര്‍ദ്ദേശിച്ചു.

യുദ്ധബാധിതമായ പലസ്തീനായിലെയും ഉക്രെയ്‌നിലെയും കുട്ടികളുമായി അന്ന് രാവിലെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് എത്തിയ കുഞ്ഞുങ്ങളില്‍ പലരും യുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരും അവയവങ്ങള്‍ നഷ്ടപ്പെട്ടവരും മറ്റ് കാര്യമായ പരിക്കുകള്‍ ഏറ്റവരും ആയിരുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 8 നാണ് ആഗോള ബാല ദിനാഘോഷം സ്ഥാപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. അതിനു മുന്‍പ് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ആഗോള യുവജനദിനാഘോഷത്തിന് 9 വയസ്സുകാരനായ ഒരു ബാലന്‍ മാര്‍പാപ്പയോടു പങ്കുവെച്ച അഭിപ്രായമാണ് ബാലദിനാഘോഷത്തിന്റെ സ്ഥാപനത്തിന് വഴിവച്ചത്. അടുത്ത ബാലദിനാഘോഷം 2026 സെപ്റ്റംബറില്‍ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി പ്രമുഖ വ്യക്തികളും ബാലദിനാഘോഷത്തിനായി എത്തിയിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്റെ മകള്‍ ജിനെവ്‌റയുമായി എത്തി ബാലദിനാഘോഷത്തില്‍ പങ്കെടുക്കുകയും മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org