പള്ളിയില്‍ കുമ്പസാരം കേട്ടുകൊണ്ടായിരിക്കും വിശ്രമജീവിതമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

പള്ളിയില്‍ കുമ്പസാരം കേട്ടുകൊണ്ടായിരിക്കും വിശ്രമജീവിതമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

പള്ളിയില്‍ കുമ്പസാരിപ്പിച്ചുകൊണ്ടു വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. രാജി വയ്ക്കുകയാണെങ്കില്‍ അര്‍ജന്റീനയിലേയ്ക്കു മടങ്ങുകയില്ലെന്നും വത്തിക്കാനില്‍ താമസിക്കുകയില്ലെന്നും പാപ്പാ പറഞ്ഞു. എന്നാല്‍, വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലാറ്റിനമേരിക്കന്‍ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖസംഭാഷണത്തിലാണ് പാപ്പാ തന്റെ രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞത്.

വിരമിക്കുകയാണെങ്കില്‍ താന്‍ റോമിന്റെ 'ബിഷപ് എമരിറ്റസ്' ആയിരിക്കുമെന്നും അതുകൊണ്ടാണ് അര്‍ജന്റീനയിലേയ്ക്കുള്ള മടക്കത്തെ കുറിച്ചു ചിന്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സെ. ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയില്‍ താമസിക്കുമോ എന്ന ചോദ്യത്തിനാണ് ''അതിനു സാദ്ധ്യതയുണ്ട്, കാരണം, പള്ളിയില്‍ കുമ്പസാരിപ്പിച്ചുകൊണ്ടു വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്'' എന്നു പാപ്പാ മറുപടി പറഞ്ഞത്.

സഭയില്‍ ആദ്യമായി രാജി സമര്‍പ്പിച്ച സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ കബറിടം സന്ദര്‍ശിക്കാന്‍ പോകുന്നതും കാല്‍മുട്ടു വേദന രൂക്ഷമായതും ആഗസ്റ്റില്‍ കാര്‍ഡിനല്‍മാരുടെ യോഗം വിളിച്ചതും വച്ചുകൊണ്ട് മാധ്യമങ്ങള്‍ തന്റെ രാജിയെ കുറിച്ചു വാര്‍ത്തകള്‍ ചമച്ചത് യുക്തിപരമാണെന്നും എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചു വന്നത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ''ഇപ്പോള്‍ കര്‍ത്താവ് എന്നോട് അങ്ങനെ ആവശ്യപ്പെടുന്നതായി തോന്നുന്നില്ല,'' രാജിയെ കുറിച്ചു പാപ്പാ പറഞ്ഞു.

അതേസമയം സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പാപ്പാ നല്‍കിയത് മഹത്തായ ഒരു മാതൃകയാണെന്നും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു വന്നാല്‍ ആ മാതൃകയുടെ കരുത്ത് ഒരു തീരുമാനമെടുക്കാന്‍ തനിക്കു സഹായകരമാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. 'പോപ് എമിരറ്റസ്' എന്നതു സഭയില്‍ ഒരു അംഗീകൃത രീതിയാകുമോ എന്ന ചോദ്യത്തിന് 'ചരിത്രം തന്നെ സഭയെ അതിനു നിര്‍ബന്ധിക്കു'മെന്നായിരുന്നു പാപ്പായുടെ മറുപടി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org