ക്രിസ്മസ് സമീപിക്കുമ്പോള്‍ മറ്റുള്ളവരെ സഹായിക്കുക - മാര്‍പാപ്പ

ക്രിസ്മസ് സമീപിക്കുമ്പോള്‍ മറ്റുള്ളവരെ സഹായിക്കുക - മാര്‍പാപ്പ

വിഷാദത്തെയും ആകുലചിന്തകളെയും മറികടക്കാനുള്ള എളുപ്പവഴി മറ്റുള്ളവരെ സഹായിക്കുകയാണെന്നും ക്രിസ്മസ് സമീപിക്കുമ്പോള്‍ സഹായമര്‍ഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാന്‍ തയ്യാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഏലീശ്വായെ സഹായിക്കാന്‍ പോയ പ.മറിയത്തെ ഇക്കാര്യത്തില്‍ നമുക്കു മാതൃകയാക്കാമെന്നും പാപ്പാ പറഞ്ഞു. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

താന്‍ ദൈവപുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്നറിഞ്ഞ പ.മറിയം എഴുന്നേറ്റു തിടുക്കത്തില്‍ ഏലീശ്വായെ സഹായിക്കാനായി പോകുകയായിരുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ക്രിസ്മസ് കാലത്ത് നമുക്കും ഇതു മാതൃകയാക്കാം. മറ്റുള്ളവര്‍ക്കായി ചെറിയ കാരുണ്യപ്രവൃത്തികള്‍ ചെയ്യുക. ഉദാഹരണത്തിനു വയോധികരായ വ്യക്തികളെ ഫോണില്‍ വിളിക്കുക, അവര്‍ക്കു കൂട്ടു നല്‍കുക. ഇപ്രകാരം, മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നാം നമ്മെത്തന്നെയാണു സഹായിക്കുന്നത്.

പ.മറിയം തിടുക്കത്തില്‍ പോയി എന്ന വാക്യത്തിലെ തിടുക്കം ധൃതി കൂട്ടുന്നതിനെയല്ല കാണിക്കുന്നതെന്നു പാപ്പാ പറഞ്ഞു. മറിച്ച്, ആനന്ദത്തെയാണ് ആ വാക്കു സൂചിപ്പിക്കുന്നത്. മടി പിടിക്കാതെ, ആത്മവിശ്വാസത്തോടെ, കുറ്റപ്പെടുത്താന്‍ ആളെ അന്വേഷിക്കാതെയുള്ള യാത്രയാണത്. നാം പ്രത്യാശയോടെയാണോ മുന്നോട്ടു നീങ്ങുന്നത്, അഥവാ ശോകത്തില്‍ മുഴുകി മുടന്തി നീങ്ങുകയാണോ എന്ന് ആത്മപരിശോധന നടത്തണം. ക്ഷീണഭാവത്തില്‍, മുറുമുറുത്തുകൊണ്ടാണു നമ്മുടെ ജീവിതമെങ്കില്‍ നാം ആരിലേയ്ക്കും ദൈവത്തെ കൊണ്ടുകൊടുക്കുകയില്ല. ആരോഗ്യകരമായ നര്‍മബോധം വളര്‍ത്തിയെടുക്കുന്നതു വലിയ നന്മയാണ്. വി. തോമസ് മൂറും വി. ഫിലിപ് നേരിയും ഇതിനുദാഹരണങ്ങളാണ്. നര്‍മ്മത്തിന്റെ കൃപ വലിയ നന്മ ചെയ്യുന്നു. - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org