അനീതിയുടെ വൈറസുകളില്‍ നിന്നു രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളെ സഹായിക്കുക : മാര്‍പാപ്പ

അനീതിയുടെ വൈറസുകളില്‍ നിന്നു രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളെ സഹായിക്കുക : മാര്‍പാപ്പ
Published on

അനീതിയുടെയും അക്രമത്തിന്റെയും യുദ്ധത്തിന്റെയും വൈറസുകളില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്ന ജനങ്ങള്‍ക്കു കരുതലേകാന്‍ കത്തോലിക്കര്‍ തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മനുഷ്യരെല്ലാം ആത്യന്തികമായി ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണെന്നു കോവിഡ് പകര്‍ച്ചവ്യാധി നമ്മെ കാണിച്ചു തന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഈശോസഭാ അഭയാര്‍ത്ഥി സേവന വിഭാഗത്തിന്റെ നാല്‍പതാം വാര്‍ഷികത്തോടു ബന്ധപ്പെട്ടു നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ അഭയാര്‍ത്ഥികളോടുളള അനുകമ്പ വീണ്ടും പ്രകടമാക്കിയത്.
1980 ല്‍ അന്നത്തെ ഈശോസഭാ മേധാവി ഫാ. പെദ്രോ അരൂപെയാണ് ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് സ്ഥാപിച്ചതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വിയറ്റ്‌നാം യുദ്ധത്തെ തുടര്‍ന്നു തോണികളില്‍ കയറി അപകടകരമായ വിധത്തില്‍ പലായനം ചെയ്ത ദക്ഷിണ വിയറ്റ്‌നാമില്‍ നിന്നുള്ള പതിനായിരകണക്കിനു അഭയാര്‍ത്ഥികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിനാണ് അന്ന് ഈശോസഭ അഭയാര്‍ത്ഥിസേവനവിഭാഗം ആരംഭിച്ചത്. വിയറ്റ്‌നാം അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുവാന്‍ സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ഈശോസഭയുടെ ലോകമെങ്ങുമുളള അമ്പതിലേറെ പ്രോവിന്‍സുകള്‍ക്കു ഫാ. അരൂപ്പെ കത്തയച്ചു. ഇതിനെ തുടര്‍ന്നു രൂപം കൊണ്ട ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് ഇന്ന് 56 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 6.8 ലക്ഷം വ്യക്തികള്‍ക്ക് ഇവരുടെ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.
കുടുംബങ്ങളില്‍ നിന്നു വേര്‍പെടുത്തപ്പെട്ട് ഏകാകികളും ഉപേക്ഷിക്കപ്പെട്ടവരുമായി കഴിയുന്ന അഭയാര്‍ത്ഥികള്‍ക്കു സഹായവും സൗഹൃദവും പകരാന്‍ സഭയ്ക്കു സാധിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org