കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും ഭരണാധികാരികളോടു സഹകരിച്ചുകൊണ്ടും ദിവ്യബലിയര്‍പ്പണങ്ങളില്‍ പങ്കെടുക്കാന്‍ കത്തോലിക്കാവിശ്വാസികളോടു വത്തിക്കാന്‍ ആവശ്യപ്പെട്ടു. വി. കുര്‍ബാനയിലെ ബലിയും സഭയുടെ ക്രൈസ്തവ കൂട്ടായ്മയുമില്ലാതെ ക്രൈസ്തവജീവിതത്തിനു നിലനില്‍ക്കാനാവില്ലെന്നു വത്തിക്കാന്‍ ആരാധനാ-കുദാശാ കാര്യാലയത്തി ന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ, മെത്രാന്‍ സംഘങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 'ദിവ്യബലിയിലേയ്ക്കു സന്തോഷത്തോടെ മടങ്ങുക' എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെയുള്ളതാണു കത്ത്.
സാഹചര്യങ്ങള്‍ അനുവദിച്ചാലുടനെ ക്രൈസ്തവജീവിതത്തിന്റെ സാധാരണത്വത്തിലേയ്ക്കു മടങ്ങുക എന്നത് അത്യാവശ്യവും അടിയന്തിരവുമാണെന്ന് കാര്‍ഡിനല്‍ വ്യക്തമാക്കി. ദേവാലയമാണു ക്രൈസ്തവജീവിതത്തിന്റെ തറവാട്. ആരാധനാകര്‍മ്മങ്ങള്‍, വിശേഷിച്ചും ദിവ്യബലി, സഭയുടെ പ്രവര്‍ ത്തനങ്ങളുടെയെല്ലാം മകുട വും സഭയുടെ ശക്തി പുറപ്പെടുന്ന ഉറവയുമാണ്- രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഉദ്ധരിച്ചു കാര്‍ഡിനല്‍ വിശദീകരിച്ചു.
പൊതുജനാരോഗ്യ താത്പര്യങ്ങള്‍ മുന്‍നിറുത്തി ആരാധനാക്രമ ചട്ടങ്ങളില്‍ താത്കാലികമായ മാറ്റങ്ങള്‍ മെത്രാന്മാര്‍ക്കു വരുത്താവുന്നതാണെന്നു കത്തില്‍ കാര്‍ഡിനല്‍ സാറാ ചൂണ്ടിക്കാട്ടുന്നു. ഭരണാധികാരികളുടെയും വിദഗ്ദ്ധരുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മെത്രാന്മാര്‍ മുന്‍പരിചയമില്ലാത്തതും സങ്കീര്‍ണവുമായ ഈ സാഹചര്യത്തോടു ദ്രുതഗതിയില്‍ പ്രതികരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. അതു ശ്ലാഘനീയമാണ്. ഇനി ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടും നവീകരിക്കപ്പെട്ട വിസ്മയത്തോടും വര്‍ദ്ധിച്ച ആഗ്രഹത്തോടും കൂടി കര്‍ത്താവിനെ കാണാനും കര്‍ത്താവിനോടൊത്ത് ആയിരിക്കാനും അവിടുത്തെ സ്വീകരിക്കാനും നമ്മുടെ സഹോദരങ്ങള്‍ക്ക് അവിടുത്തെ നല്‍കാനും വേണ്ടി നാം ദിവ്യബലിയിലേയ്ക്കു മടങ്ങേണ്ടിയിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ സ്വീകരിക്കാന്‍ കര്‍ത്താവിന്റെ മേശയിലെ വിരുന്നിലേയ്ക്കു മക്കളെന്ന നിലയില്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണു നാം. നമുക്ക് ആ വിരുന്നില്ലാതെ പറ്റില്ല. ക്രൈസ്തവ കൂട്ടായ്മയില്ലാതെ, കര്‍ത്താവിന്റെ ഭവനം കൂടാതെ, കര്‍ത്താവിന്റെ ദിവസം കൂടാതെ നമുക്കു പറ്റില്ല. കര്‍ത്താവായ യേശു തന്റെ മരണത്തിലൂടെ സ്വയം നമുക്കു സമ്മാനിച്ച ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാതെ ക്രൈസ്തവരെന്ന നിലയില്‍ ജീവിക്കാന്‍ നമുക്കു സാധിക്കില്ല – കാര്‍ഡിനല്‍ വിശദീകരിച്ചു.