ഗാസയിലെ പള്ളിയില്‍ യു എന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം

ഗാസയിലെ പള്ളിയില്‍ യു എന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം
Published on

ഗാസയിലെ ലാറ്റിന്‍ കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി പള്ളിയിലേക്ക് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി സംഘം അപ്രതീക്ഷിതമായ സന്ദര്‍ശനം നടത്തി. യുദ്ധം മൂലം ഭവനരഹിതരായ നൂറുകണക്കിന് ആളുകള്‍ക്ക് ഇപ്പോള്‍ പള്ളിയില്‍ അഭയം നല്‍കിയിട്ടുണ്ട്.

അവിടുത്തെ ഇപ്പോഴത്തെ സാഹചര്യം പരിശോധിക്കാനായിരുന്നു സന്ദര്‍ശനം എന്ന് യു എന്‍ പ്രതിനിധികള്‍ അറിയിച്ചു. ആദ്യമായാണ് യുഎന്‍ സംഘം ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പള്ളിയില്‍ വരുന്നത് എന്ന് വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി പറഞ്ഞു.

അര്‍ജന്റീന സ്വദേശിയാണ് വികാരി. അവിടെ താമസമാക്കിയിരിക്കുന്ന ആളുകളുടെ അനുഭവങ്ങള്‍ പ്രതിനിധി സംഘം ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. എല്ലാവരും തന്നെ മുസ്ലീം കുടുംബങ്ങളാണ്. അവരെ മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സാണ് പരിചരിക്കുന്നത്.

ഒന്നും പ്രതീക്ഷിക്കാനാവാതെ ജീവിക്കുകയാണ് ഗാസയിലെ ജനങ്ങള്‍ എന്ന് വികാരി പറഞ്ഞു. ഒരു സന്ധി ഉടനെ ഉണ്ടാകും എന്ന് ഒരു ദിവസം പറയുകയും പിറ്റേന്ന് തന്നെ സൈനിക നടപടികള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഒഴിഞ്ഞു പോകണം എന്ന അറിയിപ്പ് ലഭിക്കുകയുമാണ് ചെയ്തുവരുന്നത്.

ഒരു ദിവസം ജീവകാരുണ്യ സഹായങ്ങള്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെടും, പിറ്റേന്ന് ഇസ്രായേല്‍ അതിനെ തടയും. എല്ലാവരും ഗുരുതരമായ മാനസിക സംഘര്‍ഷത്തിലാണ്. മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് അറിയാവുന്നത്.

ജനങ്ങള്‍ ഗാസാ മുനമ്പില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് തങ്ങള്‍ക്കുള്ളതെല്ലാം ചുമന്ന് അലഞ്ഞു കൊണ്ടിരിക്കുന്നു - അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org