എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിനു മാര്‍പാപ്പയുടെ ആശംസകള്‍

എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിനു മാര്‍പാപ്പയുടെ ആശംസകള്‍

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മധ്യസ്ഥനായ വി.അന്ത്രയാസിന്റെ തിരുനാള്‍ ദിനത്തില്‍ ഓര്‍ത്തഡോക്‌സ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസസന്ദേശമയച്ചു. നവംബര്‍ മുപ്പതാം തിയതി വി. അന്ത്രയാസിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു ഇത്. 1964ല്‍ പോള്‍ ആറാമന്‍ പാപ്പായും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കായിരുന്ന അത്തനാഗോറസ്സുമായുമുള്ള കൂടിക്കാഴ്ച സന്ദേശത്തില്‍ മാര്‍പാപ്പ അനുസ്മരിച്ചു. വി. പത്രോസും, അന്ത്രയാസും നമുക്ക് സാഹോദര്യ ഐക്യവും സമാധാനവും നല്‍കട്ടെ എന്നും പാപ്പാ ആശംസിച്ചു.

60 കൊല്ലങ്ങള്‍ക്കു മുമ്പ് ജെറുസലേമില്‍ വച്ച് നടന്ന പാപ്പാ-പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങള്‍ക്കൊടുവില്‍ ഒരു പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കും തമ്മിലുള്ള ആദ്യത്തേ കണ്ടുമുട്ടലായിരുന്നു. ആയിരം വര്‍ഷത്തോളം ഉണ്ടായിരുന്ന തെറ്റിധാരണകളും, പരസ്പര വിശ്വാസമില്ലായ്മയും ശത്രുതയും അകറ്റാന്‍ സഹായിച്ച ഒന്നാണത് എന്ന് ഫ്രാന്‍സിസ് പാപ്പാ ഇപ്പോഴത്തെ പാത്രിയാര്‍ക്ക് ബര്‍ത്തോലോമിയോയ്ക്ക് എഴുതി.

ഇരുസഭകളും തമ്മിലുള്ള പൂര്‍ണ്ണ ഐക്യത്തിലേക്കെത്തുവാന്‍ സത്യസന്ധമായ പാതകളും വ്യക്തിപരമായ ബന്ധവും ഒരുമിച്ച് സമയം ചിലവഴിക്കലും ആവശ്യമാണെന്നു പാപ്പാ പറഞ്ഞു. അതോടൊപ്പം സൗഹൃദപൂര്‍ണ്ണമായ സംവാദം, പ്രാര്‍ത്ഥന, മാനവീകതയ്ക്കായുള്ള ഒരുമിച്ച പ്രവര്‍ത്തനം എന്നിവയും ക്രൈസ്തവ ശിഷ്യര്‍ തമ്മിലുള്ള വ്യത്യാസങ്ങളെ മറികടക്കാന്‍ സഹായിക്കും. ഒക്ടോബറില്‍ നടന്ന സിനഡിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന എക്യുമെനിക്കല്‍ ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന് പാത്രിയാര്‍ക്കിന് പാപ്പാ നന്ദി പറഞ്ഞു. കൂടാതെ സിനഡിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍സ്റ്റാന്റിനോപ്പിളിലെ പ്രതിനിധി സംഘത്തിനും പാപ്പാ കൃതജ്ഞതയര്‍പ്പിച്ചു.

മരണവും നാശവും വിതയ്ക്കുന്ന യുദ്ധങ്ങള്‍ അവസാനിക്കാനും രാഷ്ട്രഭരണകൂടങ്ങളും മത നേതാക്കളും സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗ്ഗം അവലംബിക്കാനും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാനും പാപ്പാ അഭ്യര്‍ത്ഥിച്ചു. അപ്പോസ്തലരായ പത്രോസിന്റെയും അന്ത്രയാസിന്റെയും പ്രാര്‍ത്ഥനകള്‍ വഴി സാഹോദര്യ ഐക്യവും സമാധാനവും എല്ലാ ജനതകള്‍ക്കും നേടുവാന്‍ കഴിയട്ടെ എന്നും ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശത്തില്‍ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org