
മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം 2023 ജൂലൈ 23 ഞായറാഴ്ച ആഘോഷിക്കുമെന്നു അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് സഭ ഈ ദിനം ആചരിക്കുന്നത്. 2021-ല്‍ ഫ്രാന്‍സിസ് പാപ്പയാണ് ഈ ദിനം സ്ഥാപിച്ചത്. മുത്തശ്ശീ-മുത്തച്ഛന്മാരെ പലപ്പോഴും മറന്നു പോകാറുണ്ടെങ്കിലും 'ജീവിതാനുഭവവും വിശ്വാസവും യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്' അവരെന്ന് വിശ്വസിക്കുന്നതിനാലാണ് ഇപ്രകാരമൊരു ദിനാചരണം സഭ നടത്തുന്നതെന്ന് മാര്‍പാപ്പ അന്നു വ്യക്തമാക്കിയിരുന്നു.
''അവന്റെ കാരുണ്യം തലമുറകള്‍ തോറും'' (ലൂക്ക 1:50) എന്ന വിഷയമാണ് ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷത്തെ മുത്തശ്ശീ -മുത്തച്ഛന്മാര്‍ക്കും, പ്രായമായവര്‍ക്കും വേണ്ടിയുള്ള ആഗോള ദിനത്തിനായി തിരഞ്ഞെടുത്തത്. ആഗോള ദിനത്തില്‍, സെ.പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിക്ക് പരിശുദ്ധ പിതാവ് നേതൃത്വം നല്‍കുമെന്നറിയിച്ച കാര്യാലയം ലോകമെമ്പാടുമുള്ള ഇടവകകളെയും രൂപതകളെയും സംഘടനകളെയും സഭാ സമൂഹങ്ങളെയും അവരവരുടെ അജപാലക പശ്ചാത്തലത്തില്‍ ഈ ദിനം ആഘോഷിക്കാന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.