ദുഃഖവെള്ളി: പാപ്പായോടൊപ്പം ഉക്രെനിയന്‍-റഷ്യന്‍ കുടുംബങ്ങള്‍ കുരിശു വഹിക്കും

ദുഃഖവെള്ളി: പാപ്പായോടൊപ്പം ഉക്രെനിയന്‍-റഷ്യന്‍ കുടുംബങ്ങള്‍ കുരിശു വഹിക്കും

റോമിലെ കൊളോസിയത്തില്‍ ദുഃഖവെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുന്ന കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലത്തേയ്ക്കു കുരിശു വഹിക്കുന്നതും വിചിന്തനം ചൊല്ലുന്നതും റഷ്യയിലെയും ഉക്രെയിനിലെയും രണ്ടു കുടുംബങ്ങള്‍ സംയുക്തമായിട്ടായിരിക്കും. പതിനാലു സ്ഥലങ്ങളിലെയും വിചിന്തനങ്ങളും പ്രാര്‍ത്ഥനകളും തയ്യാറാക്കി ചൊല്ലുന്നതും കുരിശു വഹിക്കുന്നതും പതിനാലു കുടുംബങ്ങളായിരിക്കും. കുടുംബജീവിതത്തിലെ 'കുരിശുകളാണ്' ഈ വര്‍ഷത്തെ പാപ്പായുടെ കുരിശിന്റെ വഴിയിലെ പ്രത്യേക ധ്യാനവിഷയം. കുടുംബവര്‍ഷാചരണത്തോടനുബന്ധിച്ചാണിത്.

കുഞ്ഞുങ്ങളില്ലാത്ത ഒരു കുടുംബം, ഭിന്നശേഷിയുള്ള ഒരു കുഞ്ഞുള്ള കുടുംബം, മാറാരോഗിയായ മുത്തച്ഛനുള്ള കുടുംബം, കുടിയേറ്റ കുടുംബം, യുദ്ധദുരിതമനുഭവിക്കുന്ന കുടുംബം തുടങ്ങിയവയെയാണ് 14 സ്ഥലങ്ങള്‍ക്കും സമാപനപ്രാര്‍ത്ഥനയ്ക്കുമായി തെരഞ്ഞെടുത്തിരിക്കുന്നത്. ''ഈശോ കുരിശില്‍ മരിച്ചു'' എന്ന പതിമൂന്നാം സ്ഥലത്തിനു വേണ്ടി റഷ്യന്‍, ഉക്രെനിയന്‍ കുടുംബങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ വിചിന്തനം ''തങ്ങളുടെ നാട് ഗാഗുല്‍ത്താ പോലെ അന്ധകാരപൂര്‍ണമായതിനെ'' കുറിച്ചു വിലപിക്കുന്നു. ''ഞങ്ങള്‍ക്കിനി ഒഴുക്കാന്‍ കണ്ണീരില്ല. രോഷം പൊരുത്തപ്പെടിലിനു വഴിമാറി. കര്‍ത്താവേ അങ്ങ് എവിടെയാണ്? മരണത്തിന്റെയും ഭിന്നിപ്പിന്റെയും ഇടയില്‍ ഞങ്ങളോടു സംസാരിക്കുക. സമാധാനസ്ഥാപകരും സഹോദരങ്ങളുമാകാനും ബോംബുകള്‍ തകര്‍ത്തതു പടുത്തുയര്‍ത്താനും ഞങ്ങളെ പഠിപ്പിക്കുക.'' വിചിന്തനം തുടരുന്നു. മറ്റു സ്ഥലങ്ങളിലെ വിചിന്തനങ്ങള്‍, പ്രാര്‍ത്ഥനകള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദുഃഖവെള്ളിയാഴ്ചകളില്‍ രാത്രി 9.15 നു റോമിലെ കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയുടെ കാലം മുതലുള്ള പാരമ്പര്യമാണ്. പതിനാലു സ്ഥലങ്ങളിലേയ്ക്കും മാര്‍പാപ്പയാണ് കുരിശു ചുമക്കാറുള്ളത്. ഇപ്പോഴത് തെരഞ്ഞെടുക്കപ്പെട്ട വിവിധ വ്യക്തികളെയും കുടുംബങ്ങളെയും ഏല്‍പിക്കുന്ന പതിവു തുടങ്ങി. ഓരോ വര്‍ഷവും പ്രസിദ്ധരായ ധ്യാനപ്രസംഗകരെയും മറ്റുമാണ് വിചിന്തനങ്ങള്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്താറുളളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org