പൂച്ചകളെ ഇഷ്ടപ്പെട്ട 'ദൈവത്തിന്റെ റോട്ട്‌വീലര്‍'

പൂച്ചകളെ ഇഷ്ടപ്പെട്ട 'ദൈവത്തിന്റെ റോട്ട്‌വീലര്‍'

വിശ്വാസകാര്യാലയത്തിന്റെ അദ്ധ്യക്ഷനെന്ന നിലയില്‍ സ്വീകരിച്ച കര്‍ക്കശ നിലപാടുകളുടെ പേരില്‍ 'ദൈവത്തിന്റെ റോട്ട്‌വീലര്‍' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നിത്യജീവിതത്തില്‍ പൂച്ചകളെ ഓമനിക്കാനിഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. ജന്മഗൃഹം മുതല്‍ വിശ്രമജീവിതം നയിച്ച ആശ്രമത്തില്‍ വരെ പൂച്ചകളെ കാണുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നു. തങ്ങളുടെ വീട്ടില്‍ കുട്ടിക്കാലത്തു പൂച്ചകളെ വളര്‍ത്തിയിരുന്നുവെന്ന് പാപ്പായുടെ സഹോദരന്‍ മോണ്‍.ജോര്‍ജ് ഗാന്‍സ്വീന്‍ പറഞ്ഞിട്ടുണ്ട്. 1970 കളില്‍ റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചിരുന്നപ്പോള്‍ നിറയെ പൂച്ചകള്‍ക്കൊപ്പം വാതില്‍ കടന്നു വരുന്ന റാറ്റ്‌സിംഗറെ കണ്ടതിനെ പറ്റി അന്നു സഹപ്രവര്‍ത്തകനായിരുന്ന പ്രൊഫ.കോണ്‍റാഡ് ബോംഗാര്‍ട്ട്‌നര്‍ പില്‍ക്കാലത്ത് അനുസ്മരിക്കുകയുണ്ടായി.

കുട്ടിക്കാലത്ത് റാറ്റ്‌സിംഗറുടെ അയല്‍പക്കത്തുണ്ടായിരുന്ന ചികോ എന്ന പൂച്ചയുടെ വീക്ഷണത്തില്‍ പാപ്പായുടെ കുട്ടിക്കാലം വിവരിക്കുന്ന ഒരു ജീവചരിത്രഗ്രന്ഥം അദ്ദേഹം പാപ്പാ ആയ ശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'ജോസഫും ചികോയും: പോപ്് ബെനഡിക്ടിന്റെ ജീവിതം ഒരു പൂച്ചയുടെ വാക്കുകളില്‍' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. 2012 വരെ ഈ പൂച്ച ജീവിച്ചിരുന്നു.

സ്ഥാനത്യാഗം ചെയ്ത്, വത്തിക്കാനിലെ ആശ്രമത്തില്‍ വിശ്രമജീവിതം ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു പൂച്ചകള്‍ ബെനഡിക്ട് പതിനാറാമനെ ആകര്‍ഷിച്ചു. അവയോടൊപ്പമുള്ള പാപ്പായുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, അദ്ദേഹം സ്വന്തമായി അദ്ദേഹം പൂച്ചകളെ വളര്‍ത്തിയിട്ടില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org