കുഞ്ഞു സഭയുടെ പാലകന്‍ കാര്‍ഡിനല്‍മാരിലെ 'കുട്ടി'

കുഞ്ഞു സഭയുടെ പാലകന്‍ കാര്‍ഡിനല്‍മാരിലെ 'കുട്ടി'

പുതിയ കാര്‍ഡിനല്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 47 കാരനായ ബിഷപ് ജോര്‍ജിയോ മാരെംഗോ ആണ്. മെത്രാനായിട്ട് രണ്ടു വര്‍ഷം മാത്രം. മംഗോളിയായിലെ സഭയുടെ അജപാലകനായ അദ്ദേഹത്തെ വരുന്ന ആഗസ്റ്റില്‍ മറ്റ് 20 പേര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ അത് മംഗോളിയായിലെ സഭയ്ക്കുള്ള അംഗീകാരമായി മാറും.

ഇറ്റലിയിലെ ടൂറിന്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്ന നിയുക്ത കാര്‍ഡിനല്‍ മാരെംഗോ കോണ്‍സലാത്ത മിഷണറിയായി 20 വര്‍ഷം മുമ്പാണ് മംഗോളിയായിലെത്തുന്നത്. അന്നു മുതല്‍ മംഗോളിയന്‍ സഭയെ സേവിക്കുന്ന അദ്ദേഹം 2020 ല്‍ ഉലാന്‍ബാത്തര്‍ അപ്പസ്‌തോലിക് പ്രീഫെക്ചറിന്റെ പ്രീഫെക്ടായി നിയമിതനായി. 30 ലക്ഷം ജനങ്ങളുള്ള മംഗോളിയായില്‍ ആകെ 1,300 കത്തോലിക്കരാണുള്ളത്. അവിടെ നിന്ന് ആദ്യമായി ഒരുതദ്ദേശീയ വൈദികനുണ്ടാകുന്നത് 2016 ലാണ്. 1920 കളില്‍ മംഗോളിയായില്‍ സഭയുടെ ആധുനികകാലത്തെ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും വൈകാതെ രാജ്യം കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിലാകുകയും സഭയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലാതാകുകയും ചെയ്തു. 1992 ല്‍ ആണു മത്വാതന്ത്ര്യം അനുവദിക്കപ്പെട്ടത്. 2002 ല്‍ അപ്പസ്‌തോലിക് പ്രീഫെക്ചര്‍ സ്ഥാപിക്കുകയും ഒരു വിദേശമിഷണറിയെ മെത്രാനായി നിയോഗിക്കുകയും ചെയ്തു.

ആദിമസഭയെ ഓര്‍മ്മിപ്പിക്കുന്ന ദൗത്യമാണ് മംഗോളിയായില്‍ തങ്ങള്‍ നിര്‍വഹിക്കുന്നതെന്നു നിയുക്ത കാര്‍ഡിനല്‍ മാരെംഗോ പറഞ്ഞു. തീരെ ചെറിയ ഒരു സമൂഹമാണ് മംഗോളിയായിലേതെങ്കിലും ഉത്തരവാദിത്വം ഏറെയാണെന്നും മതാന്തരസംഭാഷണത്തിനും മംഗോളിയന്‍ സാംസ്‌കാരികപാരമ്പര്യങ്ങള്‍ക്കും പ്രത്യേക കരുതലേകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org