ജര്‍മ്മനിയിലെ മ്യൂണിക് അതിരൂപതയ്ക്കു കഴിഞ്ഞ വര്‍ഷം സഭാനികുതി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ചത് 66.5 ലക്ഷം യൂറോ. മുന്‍വര്‍ഷത്തേക്കാള്‍ അധികമാണിത്. അതിരൂപതയുടെ ആകെ സ്വത്ത് 360 കോടി യൂറോ ആണ്. അതേ സമയം കഴിഞ്ഞ വര്‍ഷം രൂപതയിലെ അംഗത്വം ഉപേക്ഷിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാലു വര്‍ഷം ആര്‍ച്ചുബിഷപ്പായിരുന്ന അതിരൂപതയാണിത്.
2019 ല്‍ ജര്‍മ്മനിയിലെ കത്തോലിക്കാസഭയ്ക്ക് നികുതി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ചത് 676 കോടി യൂറോ ആണ്. 2018 നേക്കാള്‍ 10 കോടി അധികമായിരുന്നു ഇത്. അംഗങ്ങള്‍ കുറയുന്നുവെങ്കിലും വരുമാനം കൂടുന്നത് ജര്‍മ്മനിയുടെ സമ്പദ്‌വ്യവസ്ഥ വളരുന്നതുകൊണ്ടാണെന്നു കരുതുന്നു. ജര്‍മ്മനിയിലെ കത്തോലിക്കാ വിശ്വാസികള്‍ അവരുടെ വരുമാന നികുതിയുടെ ഏതാണ്ട് 9 ശതമാനം വരുന്ന തുക സഭാനികുതിയായി സര്‍ക്കാരിനു നല്‍കേണ്ടതുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ സഭയില്‍ അംഗമല്ല എന്ന് എഴുതി കൊടുക്കണം. നികുതി ഒഴിവാക്കാനാണ് ജര്‍മ്മന്‍ കത്തോലിക്കരില്‍ കുറെ പേര്‍ സഭാംഗത്വം ഔദ്യോഗികമായി ഉപേക്ഷിക്കുന്നത്. ഇങ്ങനെ സഭാംഗത്വം ഉപേക്ഷിച്ചവര്‍ക്ക് സഭയില്‍ നിന്നു കൂദാശകളോ മരിച്ചടക്കോ ലഭിക്കുകയില്ല.