വംശഹത്യ: വത്തിക്കാന്‍ സഹായിച്ച യഹൂദരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കി

വംശഹത്യ: വത്തിക്കാന്‍ സഹായിച്ച യഹൂദരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കി

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ വംശഹത്യാശ്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ യഹൂദര്‍ വത്തിക്കാന്റെ സഹായം തേടിയതുമായി ബന്ധപ്പെട്ട പുരാരേഖകള്‍ പൊതുജനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നു. ഏകദേശം 2700 യഹൂദര്‍ സഹായങ്ങള്‍ക്കായി വത്തിക്കാനെ സമീപിച്ചതിന്റെയും അവരെ സഹായിക്കാന്‍ വത്തിക്കാന്‍ ശ്രമിച്ചതിന്റെയും രേഖകളാണ് പുറത്തു വരുന്നത്. സഹായങ്ങള്‍ തേടുകയും സ്വീകരിക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ക്ക് ഈ രേഖകള്‍ പരിശോധിക്കാനും മറ്റു വിവരങ്ങള്‍ കണ്ടെത്താനും ഇതോടെ എളുപ്പമാകും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമാണ് ഈ രേഖകള്‍ പരസ്യമാക്കുന്നതെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ അറിയിച്ചു.

പയസ് പന്ത്രണ്ടാമന്‍ പാപ്പായുടെ കാലത്താണ് ഈ മഹായുദ്ധവും ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള യഹൂദവംശഹത്യയും അരങ്ങേറിയത്. ഈ വിഷയത്തില്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ നിസംഗത പുലര്‍ത്തിയെന്ന ആരോപണം പല ചരിത്രകാരന്മാരും ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന രേഖകള്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്നതാണ്. നാസി പീഡനത്തില്‍ നിന്നു യഹൂദരെ രക്ഷിക്കാന്‍ പാപ്പായും സഭയും പരസ്യപ്രചാരണങ്ങളില്ലാതെ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

വിസകള്‍, പാസ്‌പോര്‍ട്ടുകള്‍, അഭയാര്‍ത്ഥിത്വം, ജയില്‍മോചനം, തടവറമാറ്റം, ഭക്ഷണം, വസ്ത്രം, ധനസഹായം, ആത്മീയപിന്തുണ തുടങ്ങിയവ തേടി എത്തിയിരുന്നതാണ് ഈ കത്തുകള്‍. നയതന്ത്രമാര്‍ഗങ്ങളിലൂടെ സാദ്ധ്യമായ എല്ലാ സഹായങ്ങളും ഈ കത്തുകളുടെ തുടര്‍നടപടികളുടെ ഭാഗമായി ചെയ്തിരുന്നുവെന്നു വത്തിക്കാന്‍ വിദേശകാര്യസെക്രട്ടറി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org