
പഴയ ഒട്ടോമന്‍ മുസ്ലീം സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ തുര്‍ക്കിയില്‍ 1915-ലും 1917-ലും ഭരണാധികാരികള്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കത്തോലിക്കാ പുരോഹിതരായ ഫാ. ലിയോനാര്‍ദ് മെല്‍കി, ഫാ. തോമസ് സാലേ എന്നിവരെ ലെബനോനില്‍ വച്ചു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
ലെബനോന്‍ സ്വദേശിയായ കപ്പുച്ചിന്‍ വൈദികനായിരുന്നു ഫാ. മെല്‍കി. ഇസ്ലാം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മറ്റു 400 ക്രൈസ്തവ തടവുകാര്‍ക്കൊപ്പം മരുഭൂമിയിലേയ്ക്കു കൊണ്ടുപോകുകയും അവിടെ വച്ചു കൊല്ലപ്പെടുകയുമായിരുന്നു. അര്‍മീനിയന്‍ ക്രൈസ്തവ വംശഹത്യയുടെ കാലത്ത് ഒരു അര്‍മീനിയന്‍ പുരോഹിതന് അഭയം കൊടുത്തതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതാണ് ഫാ. സാലേ. ഫാ. മെല്‍കിയോടൊപ്പം അര്‍മീനിയന്‍ കാത്തലിക് ആര്‍ച്ചുബിഷപ് ഇഗ്നേഷ്യസ് മാലോയനും വധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ 2001-ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാഴ്‌സെലോ സെമെരാരോ മുഖ്യകാര്‍മ്മികനായി. മാരോണൈറ്റ് കത്തോലിക്കാ പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ബെഷരാ ബുട്രോസ് റായ്, സിറിയക് കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേസ് ജോസഫ് മൂന്നാമന്‍ യൗനാ എന്നിവര്‍ പങ്കെടുത്തു.