ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനു ബ്രസീല്‍ നീതിന്യായവിഭാഗം നടത്തുന്ന നീക്കത്തെ ബ്രസീലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ജൈവധാര്‍മ്മിക കമ്മീഷന്‍ ശക്തമായി അപലപിച്ചു. 12 ആഴ്ചകള്‍ വരെയുള്ള ഗര്‍ഭച്ഛിദ്രം അനുവദനീയമാക്കുകയാണു ബ്രസീലിന്റെ ലക്ഷ്യം. തികച്ചും നിയമവിരുദ്ധമായ ഒരു കാര്യത്തെ നിയമവിധേയമാക്കാന്‍ യാതൊരു സാഹചര്യത്തിലും യാതൊരു നിയമത്തിനും സാധിക്കില്ലെന്നു കമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ് റെജിനെയ് ജോസ് മോദോലോ പറഞ്ഞു. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നും ബ്രസീലില്‍ കഴിയുന്ന വിദേശികളുള്‍പ്പെടെ എല്ലാവരുടെയും ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷക്കുമുള്ള അവകാശം ബ്രസീല്‍ ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ബീജസങ്കലനം നടക്കുമ്പോള്‍ തന്നെ മാതാവിന്റെയോ പിതാവിന്റെയോ അല്ലാത്ത ഒരു ജീവന്‍ ഉരുവായി കഴിഞ്ഞു. മറ്റൊരു വിശദീകരണം അതിനാവശ്യമില്ല. 12 ആഴ്ചക്കു താഴെയുള്ളതും മുകളിലുള്ളതുമായ ഭ്രൂണങ്ങള്‍ തമ്മില്‍ പ്രസക്തമായ യാതൊരു വേര്‍തിരിവും സാധ്യവുമല്ല. -ബിഷപ് വിശദീകരിച്ചു.