ഫ്രാന്‍സിലെ ഭ്രൂണഹത്യ നിയമം: സഭയുടെ എതിര്‍പ്പ് ശക്തം

ഫ്രാന്‍സിലെ ഭ്രൂണഹത്യ നിയമം: സഭയുടെ എതിര്‍പ്പ് ശക്തം

ഭ്രൂണഹത്യ ചെയ്യുന്നതിനുള്ള അവകാശം അടിസ്ഥാന നിയമത്തിന്റെ ഭാഗമാക്കിയ ഫ്രാന്‍സിന്റെ നടപടിയെ ഫ്രഞ്ച് കത്തോലിക്ക മെത്രാന്‍ സംഘവും വത്തിക്കാനും ശക്തമായി അപലപിച്ചു. മനുഷ്യജീവന്‍ എടുക്കുക എന്നത് ഒരിക്കലും ഒരു അവകാശമായി കരുതാനാകില്ലെന്ന് ജീവനുവേണ്ടിയുള്ള പൊന്തിക്കല്‍ അക്കാദമി വ്യക്തമാക്കി. ഈ ചരിത്രഘട്ടത്തില്‍ ജീവചരിത്ര സംരക്ഷണം പ്രധാന മുന്‍ഗണനയായി സ്വീകരിക്കുവാന്‍ എല്ലാ ഭരണകൂടങ്ങളോടും മതപാരമ്പര്യങ്ങളോടും അക്കാദമി അഭ്യര്‍ത്ഥിച്ചു. പ്രകൃതി വിഭവങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കും ആരോഗ്യത്തിലേക്കും എല്ലാവര്‍ക്കും പ്രവേശനം സാധ്യമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു.

മനുഷ്യജീവനെ സംരക്ഷിക്കുക എന്നതായിരിക്കണം മനുഷ്യവംശത്തിന്റെ ആദ്യ ലക്ഷ്യം എന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. ചില സ്ത്രീകളും കുടുംബങ്ങളും നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും വ്യക്തിപരവുമായ വെല്ലുവിളികള്‍ മനസ്സിലാക്കാതെയല്ല സഭ ഈ നിലപാട് സ്വീകരിക്കുന്നത്. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളെ നമ്മുടെ ഭരണകൂടങ്ങളും പൊതുസമൂഹവും അഭിമുഖീകരിക്കണം. മനുഷ്യരെയും സാഹോദര്യത്തെയും ശുശ്രൂഷിച്ചു കൊണ്ട് ആകണം അത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെയും സഹായം അര്‍ഹിക്കുന്നവരെയും വിശേഷിച്ചും സംരക്ഷിക്കണം.

നിയമത്തെ പാര്‍ലമെന്റ് അംഗീകരിച്ച ഉടനെ ഫ്രഞ്ച് കത്തോലിക്ക മെത്രാന്മാര്‍ അതിനെതിരായ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവികമരണംവരെ മനുഷ്യജീവനെ ആദരിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനം ആയിരിക്കണമെന്ന് ഫ്രഞ്ച് മെത്രാന്‍ സംഘം നിര്‍ദേശിച്ചു. നിയമനിര്‍മ്മാതാക്കള്‍ മാധ്യമ, രാഷ്ട്രീയ സമ്മര്‍ദത്തിന് അടിപ്പെടരുത്.

പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണ് നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പും നടത്തി. വോട്ടെടുപ്പുകളെല്ലാം ഭ്രൂണഹത്യയ്ക്ക് അനുകൂലമായ നിയമ ഭേദഗതിയെ പിന്തുണയ്ക്കുകയാണുണ്ടായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org