നാടു വിടാനും മടങ്ങാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണം -ഫ്രാന്‍സിസ് മാര്‍പാപ്പ

നാടു വിടാനും മടങ്ങാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണം -ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം നാടു വിട്ടു പോകാനും പിന്നീട് വേണമെങ്കില്‍ മടങ്ങി വരാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റം പല ഘട്ടങ്ങളുള്ള സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് എന്നും 109-ാമത് ലോക കുടിയേറ്റ-അഭയാര്‍ത്ഥി ദിനാചരണത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. സെപ്തംബര്‍ അവസാന ഞായറാഴ്ചയാണ് സഭ കുടിയേറ്റ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 24 ആണ് അത്. കുടിയേറണമെന്നോ സ്വന്തം നാട്ടില്‍ തുടരണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നതാണ് ഈ വര്‍ഷത്തെ കുടിയേറ്റദിനാചരണത്തിന്റെ പ്രമേയം.

ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പ്രയാണം സ്വതന്ത്രമായി എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പല കുടിയേറ്റക്കാരുടെയും അവസ്ഥ ഇതാണ്. മര്‍ദ്ദനങ്ങളും യുദ്ധങ്ങളും കാലാവസ്ഥാമാറ്റങ്ങളും ദാരിദ്ര്യവും മറ്റുമാണു നിര്‍ബന്ധിത കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ കാരണങ്ങള്‍ ഇല്ലാതാക്കുകയും അപ്രകാരം നിര്‍ബന്ധിത കുടിയേറ്റം ഇല്ലാതാക്കുകയും ചെയ്യുന്നതിന് എല്ലാവരുടെയും പൊതുവായ പ്രതിബദ്ധത ആവശ്യമാണ്. എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യാതിരിക്കണമെന്നും സ്വയം ചോദിക്കുന്നതില്‍ നിന്നാണ് ഈ പ്രതിബദ്ധത ആരംഭിക്കേണ്ടത്. ആയുധമത്സരം, സാമ്പത്തിക സാമ്രാജ്യത്വം, വിഭവചൂഷണം, പരിസ്ഥിതിനാശം തുടങ്ങിയവ ഇല്ലാതാക്കുന്നതിനു എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org