

ഫ്രാന്‍സിലെ ദോസുലെയില്‍ നടന്നതായി പറയപ്പെടുന്ന 'ദര്‍ശന ങ്ങള്‍ക്ക്' പിന്നില്‍ അഭൗമികമായി എന്തെങ്കിലുമുണ്ടെന്ന് പറയാനാകി ല്ലെന്ന് വത്തിക്കാന്‍ വിശ്വാസകാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസ്, കഴിഞ്ഞ ദിവസം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തില്‍ വ്യക്തമാക്കി. 1970-കളില്‍ ഇവിടെ വലിയ ഒരു കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 'ദര്‍ശനങ്ങളുണ്ടാ യെന്ന' അവകാശവാദങ്ങളെ നിരസിച്ച 'ബയോ-ലിസ്യു' രൂപതാധ്യക്ഷന്റെ അഭിപ്രായം വത്തിക്കാന്‍ ശരിവച്ചു.
വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ദോസുലെയില്‍, അതിബൃഹത്തായ ഒരു കുരിശ് സ്ഥാപിക്കണമെന്ന സന്ദേശം നിരവധി ദര്‍ശനങ്ങളിലൂടെ ലഭിച്ചു എന്ന അവകാശവാദം വിശ്വാസകാര്യാലയം നിരാകരിച്ചു. അതിബൃഹത്തായ ഈ കുരിശിനെ മനസ്താപപൂര്‍വം സമീപിക്കുന്നവര്‍ക്ക് പാപപരിഹാരവും രക്ഷയും ലഭിക്കുമെന്ന സന്ദേശമാണ് ദോസുലെ ദര്‍ശനപരമ്പരയുമായി ബന്ധപ്പെട്ട് എല്ലായിടങ്ങളിലും വ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ ക്രിസ്തുവിലൂടെ സാധ്യമായ രക്ഷയുമായി ബന്ധപ്പെട്ട കത്തോലിക്കാവിശ്വാസത്തോട് ചേര്‍ന്നുപോകുന്നതല്ലെന്ന് കാര്യാലയം വ്യക്തമാക്കി. 'മഹത്വപൂര്‍ണ്ണമായ കുരിശും, തീര്‍ഥാടനകേന്ദ്രവും' 1975-ലെ ജൂബിലി വര്‍ഷത്തിന് മുന്‍പായി സ്ഥാപിക്കണമെന്നും, അത് അവസാന ജൂബിലി വര്‍ഷമായിരിക്കുമെന്നുമുള്ള സന്ദേശങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം ദര്‍ശനസന്ദേശങ്ങള്‍ക്കുശേഷവും വിവിധ ജൂബിലികള്‍ സഭയില്‍ ആഘോഷിക്കപ്പെട്ടു എന്ന കാര്യവും കാര്യാലയം പറഞ്ഞു.
ഭക്തിയുടെ ഭാഗമായ അടയാളമെന്ന നിലയില്‍ കുരിശിന്റെ ബാഹ്യമായ പ്രത്യേകതകളല്ല പ്രധാനപ്പെട്ടതെന്നും, ക്രൈസ്തവര്‍ കുരിശിനെ വണങ്ങുമ്പോള്‍ അതിലെ ലോഹത്തെയല്ല വണങ്ങുന്നതെന്നും, ക്രിസ്തുവിന്റെ കാല്‍വരിയിലെ രക്ഷാകരപ്രവര്‍ത്തനത്തിനു പകരം വയ്ക്കാന്‍ മറ്റൊരു കുരിശിന് സാധിക്കില്ലെന്നും കാര്യാലയം ചൂണ്ടിക്കാട്ടി.
1972-നും 1978-നുമിടയില്‍ ഫ്രാന്‍സിലെ ദോസുലെ എന്ന നഗരത്തില്‍ മദലെയ്ന്‍ ഓമോ എന്ന സ്ത്രീക്ക് 49 ദര്‍ശനങ്ങളു ണ്ടായെന്നും, അവിടെ അതിബൃഹ ത്തായ ഒരു കുരിശ് സ്ഥാപിക്കണ മെന്നും ആവശ്യപ്പെട്ടു എന്നുമാണ് അവകാശപ്പെട്ടിരുന്നത്. 738 മീറ്റര്‍ ഉയരവും 123 മീറ്റര്‍ വീതിയുമുള്ള, പ്രകാശിതവും, സാര്‍വത്രിക രക്ഷയുടെ അടയാളവുമായ ഈ 'മഹത്വപൂര്‍ണ്ണമായ കുരിശ്' ഇതുവരെ സ്ഥാപിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ കുരിശുമായി ബന്ധപ്പെട്ട് അതിന്റെ നൂറിലൊന്ന് വലിപ്പമുള്ള 'സ്‌നേഹത്തിന്റെ കുരിശുകള്‍' ലോകത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്നു.
ദോസുലെയില്‍ കുരിശ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക ശേഖരണവും മറ്റ് ശ്രമങ്ങളും പലയിടങ്ങളിലും അനൗദ്യോഗികമായി ആരംഭിച്ച തിനെത്തുടര്‍ന്ന് 1983 ഏപ്രില്‍ മാസത്തിലും 1985 ഡിസംബര്‍ 8-നും പ്രദേശത്തെ രൂപതാധ്യക്ഷന്‍ ഷാന്‍ മരീ ക്ലെമെന്‍ ബദ്രേ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ രൂപതാധ്യക്ഷന്റെ അഭ്യര്‍ഥന പ്രകാരമാണ് വത്തിക്കാന്‍ ഈ വിഷയത്തില്‍ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്.