
ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട്, പലസ്തീന്‍ മുന്‍ വിദേശകാര്യ മന്ത്രി നാസര്‍ അല്‍ കിദ്വ എന്നിവരും സമാധാന പ്രവര്‍ത്തകരും വത്തിക്കാനി ലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംഭാഷണം നടത്തി. ഇരുരാജ്യങ്ങളുടെയും കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രദര്‍ശിപ്പിച്ചുവരുന്ന പ്രത്യേക താല്‍പര്യത്തെ നേതാക്കള്‍ ശ്ലാഘിച്ചു.
2009 വരെ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരുന്നു ഓള്‍മെര്‍ട്ട്. അദ്ദേഹം ഭരണത്തില്‍ ആയിരുന്നപ്പോഴാണ് 2006 ല്‍ ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഉടനടി വെടിനിറുത്തല്‍ പ്രഖ്യാപിക്കുക, ഇസ്രയേലി ബന്ദികളെയും പലസ്തീന്‍ തടവുകാരെയും ഒരേ സമയം മോചിപ്പിക്കുക, രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സമാധാനപൂര്‍വം നടത്തുക എന്നീ നിര്‍ദേശങ്ങള്‍ ഈ നേതാക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍ അവതരിപ്പിച്ചു.
വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി പലസ്തീനിന് അനുവദിക്കുന്നത് പ്രയോജനകരമാകുമെന്ന് ഓള്‍മെര്‍ട്ട് അഭിപ്രായപ്പെട്ടു.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുകയും അതിനു മേല്‍നോട്ടം വഹിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പകരം സാങ്കേതിക - സാമൂഹിക വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര കമ്മീഷനെ നിയമിക്കുകയും വേണമെന്ന് പലസ്തീന്‍ മുന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.