
തന്നെ തട്ടിക്കൊണ്ടുപോയി അഞ്ചു മാസം തടവില്‍ പാര്‍പ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളോടു ക്ഷമിച്ചു കഴിഞ്ഞതായും നിത്യവും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും സിറിയയിലെ ഹോംസ് അതിരൂപതയുടെ നിയുക്ത ആര്‍ച്ചുബിഷപ് ഷാക്് മുറാദ്. അന്ത്യോഖന്‍ സിറിയന്‍ കത്തോലിക്കാസഭയുടെതാണ് ഈ അതിരൂപത. 2015 ലാണ് ഫാ. ഷാക് മുറാദിനെ അദ്ദേഹം കഴിഞ്ഞിരുന്ന മാര്‍ ഏലിയന്‍ ആശ്രമത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയത്. ഒരു സന്യാസാര്‍ത്ഥിയും ഒപ്പമുണ്ടായിരുന്നു. തടവില്‍ വച്ച് ഇസ്ലാംമതം സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെങ്കിലും അതിനെ അതിജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് അറിയിക്കുകയുണ്ടായി. തടവില്‍ വച്ച് ജിഹാദികളിലൊരാള്‍ തന്നെ വധശിക്ഷക്കു വിധിക്കുകയും കഴുത്തില്‍ കത്തി വയ്ക്കുകയും ചെയ്തുവെങ്കിലും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2015 ല്‍ ആയിരുന്നു ഈ സംഭവം.
നിയുക്ത ആര്‍ച്ചുബിഷപ് മുറാദ് ഇതിനു ശേഷം റോമിലേക്കു പോകുകയും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തിരുന്നു. 2011 ല്‍ ആരംഭിച്ച ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ദാരിദ്ര്യവും പ്രശ്‌നങ്ങളും നേരിടുന്ന സമൂഹമാണ് ഹോംസ് അതിരൂപതയിലെ കത്തോലിക്കരെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഐസിസും അല്‍ഖയിദയും സര്‍ക്കാരിനെതിരെ നടത്തിയ യുദ്ധങ്ങളെ തുടര്‍ന്ന് ആയിരകണക്കിനാളുകളാണ് സിറിയയില്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടത്.