ഐസിസ് തകര്‍ത്ത ദേവാലയം ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു

ഐസിസ് തകര്‍ത്ത ദേവാലയം ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ തകര്‍ത്ത ഇറാഖിലെ മോസുളിലുള്ള കത്തോലിക്കാ ദേവാലയം ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശിച്ചു. അവിടത്തെ ക്രൈസ്തവരുമായി അദ്ദേഹം സംഭാഷണം നടത്തി. ദേവാലയം പുനഃനിര്‍മ്മിക്കാന്‍ നിര്‍ദേശിച്ച ഫ്രഞ്ച് പ്രസിഡന്റ് അതിനു ഫ്രാന്‍സിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുമായിട്ടുള്ള നൂറ്റാണ്ടുകള്‍ പഴകിയ ബന്ധങ്ങളോടു ഫ്രാന്‍സ് എന്നും പ്രതിജ്ഞാബദ്ധമാണെന്നു മാക്രോണ്‍ വ്യക്തമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡൊമിനിക്കന്‍ സന്യാസസമൂഹം നിര്‍മ്മിച്ച ദേവാലയമാണ് 2016 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമികളുടെ ബോംബാക്രമണത്തില്‍ തകര്‍ന്നത്. ഇതിന്റെ പുനഃനിര്‍മ്മാണത്തിനു യു എ ഇ യും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവര്‍ ഇപ്പോള്‍ മോസുളിലേയ്ക്കു മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനുള്ള പ്രയത്‌നങ്ങളും ഫ്രാന്‍സ് തുടരുമെന്നു മാക്രോണ്‍ വിശദീകരിച്ചു. മോസുളിലെ കല്‍ദായ കത്തോലിക്കാ ആര്‍ച്ചുബിഷപ് നജീബ് മിഖായേല്‍ മൂസ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഫ്രാന്‍സിലെ ലിയോണ്‍ ആര്‍ച്ചുബിഷപി ഒലിവര്‍ ഡി ജര്‍മനിയും പ്രസിഡന്റിന്റെ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org