ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭരണം നാലു വര്‍ഷം നീണ്ട ഇഗ്നേഷ്യന്‍ ധ്യാനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭരണം നാലു വര്‍ഷം നീണ്ട ഇഗ്നേഷ്യന്‍ ധ്യാനം

ഒരു ജെസ്യൂട്ട് ആത്മീയഗുരു സഭയ്ക്കു മുഴുവനും വേണ്ടി നടത്തിയ ദീര്‍ഘമായ ഒരു ഇഗ്നേഷ്യന്‍ ധ്യാനമായിരുന്നു ഫ്രാന്‍സി സ് മാര്‍പാപ്പയുടെ നാലു വര്‍ഷത്തെ ഭരണമെന്ന് വത്തിക്കാന്‍ നിരീക്ഷകനായ ഡേവിഡ് ഗിബ്സണ്‍ അഭിപ്രായപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ, പാപ്പാ പദവിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിട്ട് നാലു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഗിബ്സണിന്‍റെ നിരീക്ഷണം. "സിനഡാലിറ്റി"യാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രധാന സംഭാവനയെന്നും അദ്ദേഹം വിലയിരുത്തുന്നു.
സ്വന്തം മനഃസാക്ഷിയെ നിരന്തരം വിവേചിച്ചറിഞ്ഞുകൊണ്ടിരിക്കുക എന്ന ധ്യാനരീതി വീണ്ടെടുക്കുകയും പരിശീലിപ്പിക്കുകയുമാണ് മാര്‍പാപ്പ ചെയ്തുകൊണ്ടിരിക്കുന്നത് – ഗിബ്സണ്‍ തുടര്‍ന്നു. സഭയുടെ അസ്തിത്വത്തെ പാപ്പ പൂര്‍ണമായും പുനഃസജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടെ നഷ്ടപ്പെട്ടുപോയ വത്തിക്കാന്‍ രണ്ടിന്‍റെ ചില സംഗതികള്‍ അദ്ദേഹം കണ്ടെടുക്കുന്നു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വത്തിക്കാനില്‍ വിളിച്ചുകൊണ്ടിരുന്ന രണ്ടു വര്‍ഷം കൂടുമ്പോഴുള്ള സിനഡുകള്‍ വഴിപാടുകളായി മാറിയിരുന്നു. അതിനു ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റം വരുത്തി. സഭയുടെ നടത്തിപ്പ് അദ്ദേഹം അടിസ്ഥാനപരമായി നവീകരിച്ചു. അമേരിക്കയിലും മറ്റും ഇക്കഴിഞ്ഞ മാസങ്ങളില്‍ പാപ്പായുടെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചരിത്രത്തിന്‍റെ ഈ സന്ധിയില്‍ സഭ എവിടെ നില്‍ക്കുന്നു എന്നു വിവേചിച്ചറിയുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാപ്പ ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.
ആഴമേറിയ മനുഷ്യത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സവിശേഷതയെന്നു വത്തിക്കാന്‍ വക്താവായ ഗ്രെഗ് ബര്‍ക് പ്രസ്താവിച്ചു. താനൊരു പാപിയാണെന്ന് ഏതാണ്ട് എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. തെറ്റു ചെയ്യാത്തവര്‍ ആരുമില്ല. അദ്ദേഹം ഇപ്പോള്‍ ക്രിസ്തുവിന്‍റെ വികാരിയാണെന്നു നമുക്കറിയാം. പക്ഷേ അപ്പോഴും നമ്മെയെല്ലാവരേയും പോലെ മനുഷ്യനാണ് അദ്ദേഹം. ക്യാമറകള്‍ക്കു മുമ്പില്‍ മുട്ടു കുത്തി നിന്നു കുമ്പസാരിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. ഇത്തരത്തില്‍ സ്വന്തം മാതൃക കൊണ്ടു നമ്മെ നയിക്കുന്ന അദ്ദേഹം നമുക്കെല്ലാവര്‍ക്കും വേണ്ടി ചെയ്യുന്നതു വലിയ സേവനമാണ് – ബര്‍ക് വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org