വത്തിക്കാന്‍ ബാങ്കിന്റെ മുന്‍മേധാവിക്കു തടവുശിക്ഷ നല്‍കിയേക്കുമെന്നു വാര്‍ത്ത

വത്തിക്കാന്‍ ബാങ്കിന്റെ മുന്‍മേധാവിക്കു തടവുശിക്ഷ നല്‍കിയേക്കുമെന്നു വാര്‍ത്ത

വത്തിക്കാന്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റിന് എട്ടു വര്‍ഷത്തെ തടവു ശിക്ഷ നല്‍കാന്‍ വത്തിക്കാന്റെ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് വത്തിക്കാന്‍ കോടതിയില്‍ ആവശ്യപ്പെട്ടതായി ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പണാപഹരണം നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനുമാണ് ഇത്. 1989 മുതല്‍ 2009 വരെ ബാങ്ക് പ്രസിഡന്റായിരുന്ന 81 കാരനായ ആഞ്‌ജെലോ കലോയ്യ ആണ് വത്തിക്കാന്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. ജനുവരി മൂന്നാം വാരത്തില്‍ കോടതി വിധി പ്രസ്താവിക്കും. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിക്കണമെന്ന ആവശ്യം ആദ്യമായാണു വത്തിക്കാന്‍ ഉന്നയിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വത്തിക്കാന്‍ പ്രസ് ഓഫീസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
കലോയ്യയുടെ അഭിഭാഷകന്‍, അഭിഭാഷകന്റെ മകന്‍ എന്നിവര്‍ക്കെതിരെയും വത്തിക്കാന്‍ ജയില്‍ ശിക്ഷ ആവശ്യപ്പെടുന്നുണ്ടെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കുറ്റവാളികളില്‍ നിന്നു 3.2 കോടി യൂറോ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. 2.5 കോടി യൂറോ കൂടി പിടിച്ചെടുക്കാനും വത്തിക്കാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വത്തിക്കാന്‍ ബാങ്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ വിറ്റഴിച്ചതിലെ ക്രമക്കേടുകളുടെ പേരിലാണ് വത്തിക്കാന്‍ കോടതി 2018 മാര്‍ച്ചില്‍ ഇവര്‍ക്കെതിരെ വിചാരണ ആരംഭിച്ചത്. വത്തിക്കാന്റെ ഭൂസ്വത്തുക്കള്‍ ബാങ്ക് പ്രസിഡന്റും അഭിഭാഷകനും ചേര്‍ന്ന് വ്യാജകമ്പനികള്‍ ഉണ്ടാക്കി തങ്ങള്‍ക്കു തന്നെ വില്‍പന നടത്തിയെന്നാണു കേസ്. വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണു വില്‍പന നടത്തിയത്. വിറ്റ ഭൂമിയുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്തുന്നതിനു 2018 ല്‍ വത്തിക്കാന്‍ വിദഗ്ദ്ധരെ നി യോഗിച്ചിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org