യുദ്ധം ചെയ്യുന്നവര്‍ മനുഷ്യരെ മറക്കുന്നു, പൈശാചിക യുക്തിയില്‍ വിശ്വസിക്കുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധം ചെയ്യുന്നവര്‍ മനുഷ്യരെ മറക്കുന്നു, പൈശാചിക യുക്തിയില്‍ വിശ്വസിക്കുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

യുദ്ധം ചെയ്യുന്നവര്‍ മനുഷ്യരെ മറക്കുന്നവരും ജനജീവിതത്തെ അവഗണിക്കുന്നവരും എല്ലാത്തിനുമുപരിയായി അധികാരത്തെ പ്രതിഷ്ഠിക്കുന്നവരും ആയുധങ്ങളുടെ പൈശാചികവും തലതിരിഞ്ഞതുമായ യുക്തിയില്‍ വിശ്വസിക്കുന്നവരുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. രൂക്ഷയുദ്ധം മൂലം പലായനം ചെയ്യുന്ന ഉക്രെനിയന്‍ ജനങ്ങള്‍ക്കു സുരക്ഷിതമായ ഇടനാഴികള്‍ ഒരുക്കിക്കൊടുക്കണം. യുദ്ധത്തിന്റെ പാത സ്വീകരിക്കപ്പെടരുതെന്നു നാം നിരന്തരം പ്രാര്‍ത്ഥിച്ചു. നമുക്ക് ഈ യൂദ്ധത്തെ കുറിച്ചു നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദൈവത്തോട് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണം.- ത്രികാലജപം ചൊല്ലുന്ന സന്ദര്‍ഭത്തില്‍ മാര്‍പാപ്പ പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ അഭിസംബോധനയില്‍ ശക്തമായ വാക്കുകളോടെയാണു മാര്‍പാപ്പ യുദ്ധത്തെ അപലപിച്ചത്.

സാധാരണ ജനങ്ങളാണ് ഏതു യുദ്ധത്തിന്റെയും യഥാര്‍ത്ഥ ഇരകളെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അഭയം തേടുന്ന വയോധികരെയും കുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന അമ്മമാരേയും കുറിച്ച് പ്രത്യേകമായി ഓര്‍ക്കുന്നു. അവരെ അടിയന്തിരമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഉക്രെയിനില്‍ നിന്നുള്ള രംഗങ്ങള്‍ ഹൃദയം തകര്‍ക്കുന്നു. യെമന്‍, സിറിയ, എത്യോപ്യ എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെയും നാം മറന്നു പോകരുത്. -പാപ്പാ വിശദീകരിച്ചു. ''ഞാന്‍ ആവര്‍ത്തിക്കുന്നു: നിങ്ങളുടെ ആയുധങ്ങള്‍ താഴെ വയ്ക്കുക! ദൈവം സമാധാനസ്ഥാപകര്‍ക്കൊപ്പമാണ്. അക്രമിക്കുന്നവര്‍ക്കൊപ്പമല്ല.'' പാപ്പാ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org