പെറുവിലെ ക്രൈസ്തവ ജീവിത സമൂഹം (സൊഡാലിറ്റി ഓഫ് ക്രിസ്ത്യന്‍ ലൈഫ്) എന്ന സമര്‍പ്പിത സമൂഹത്തില്‍നിന്ന് അതിന്റെ സ്ഥാപകന്‍ ലൂയി ഫെര്‍ണാണ്ടൊ ഫിഗാരിയെ വത്തിക്കാന്‍ പുറത്താക്കി. ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിലാണിത്.
2014 ലാണ് ഫിഗാരിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ 2017-ല്‍ തന്നെ അദ്ദേഹത്തെ സേവന രംഗത്തു നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
ഫിഗാരിക്ക് ഇപ്പോള്‍ തങ്ങളുടെ സമൂഹവുമായി യാതൊരു ബന്ധവും ഇല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം നീതിപൂര്‍വകമാണെന്നും സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ കൊറയ ഗൊണ്‍സാലസ് പ്രസ്താവിച്ചു. സമര്‍പ്പിത സമൂഹത്തിന്റേതായ ശിക്ഷാനടപടികള്‍ ഫിഗാരിക്കെതിരെ 2014-ല്‍ തന്നെ സ്വീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
1971-ല്‍ പെറുവില്‍ സ്ഥാപിതമായ ഈ സമര്‍പ്പിത സമൂഹം ഇപ്പോള്‍ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.