വിശ്വാസകാര്യാലയം അധ്യക്ഷന്‍ കോപ്റ്റിക് പാത്രിയര്‍ക്കീസിനെ കണ്ടു

വിശ്വാസകാര്യാലയം അധ്യക്ഷന്‍ കോപ്റ്റിക് പാത്രിയര്‍ക്കീസിനെ കണ്ടു

വത്തിക്കാന്‍ വിശ്വാസകാര്യാലയം അധ്യക്ഷന്‍ കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പോപ് തവദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. സ്വവര്‍ഗ ജോഡികള്‍ക്ക് ആശീര്‍വാദം നല്‍കുന്നതിന് കത്തോലിക്ക സഭ എടുത്ത തീരുമാനം കത്തോലിക്ക - കോപ്റ്റിക് സഭ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

സ്വവര്‍ഗ ജോഡികളെ ആശീര്‍വദിക്കാം എന്ന് അറിയിച്ചുകൊണ്ട് ഫിദുസ്യ സപ്ലിക്കന്‍സ് എന്ന രേഖ വത്തിക്കാന്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കത്തോലിക്ക സഭയുമായി നടന്നുവന്നിരുന്ന സഭൈക്യ സംഭാഷണങ്ങള്‍ കോപ്റ്റിക് സഭ റദ്ദാക്കുകയായിരുന്നു.

സ്വവര്‍ഗ വിവാഹത്തിന് കത്തോലിക്ക സഭ എതിരാണെന്നും വിവാഹ ചടങ്ങ് എന്ന് തെറ്റിധരിപ്പിക്കാവുന്ന തരത്തില്‍ ആശീര്‍വാദം നല്‍കുന്നതിന് ഉദ്ദേശിച്ചിട്ടില്ല എന്നും കാര്‍ഡിനല്‍ ഫെര്‍ണാണ്ടസ് കോപ്റ്റിക് സഭാധ്യക്ഷനോടു വിശദീകരിച്ചു. സ്വവര്‍ഗ ബന്ധങ്ങളുടെ എല്ലാത്തരം രൂപങ്ങളെയും നിരാകരിക്കുന്നുവെന്ന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രസ്താവനയോട് വത്തിക്കാന്‍ യോജിക്കുന്നതായും കാര്‍ഡിനല്‍ വിശദീകരിച്ചു. സപ്ലിക്കന്‍സ് എന്ന രേഖയുണ്ടാക്കിയ ആശയക്കുഴപ്പം നീക്കുന്നതിന് പിന്നീട് വിശ്വാസകാര്യാലയം ഒരു വിശദീകരണക്കുറിപ്പ് ഇറക്കിയ കാര്യവും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. രേഖയില്‍ ഉദ്ദേശിക്കുന്ന, ലിറ്റര്‍ജിക്കല്‍ അല്ലാത്ത ആശീര്‍വാദം ഏതൊരു വ്യക്തിക്കും ലഭ്യമാണെന്നും കാര്‍ഡിനല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പോപ് തവദ്രോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കത്തോലിക്ക - കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടതിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാല്‍ കൊല്ലപ്പെട്ട 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്ക സഭയും രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു. ഇതോടെ വളരെ ഊഷ്മളമായി തീര്‍ന്നിരുന്ന ബന്ധമാണ് സ്വവര്‍ഗ ആശിര്‍വാദവുമായി ബന്ധപ്പെട്ട് നിലച്ചത്.

ഇരുസഭകള്‍ക്കും ഇടയില്‍ സ്‌നേഹത്തിന്റെ പാതയുണ്ടെന്നും സംഭാഷണം പ്രധാനമാണെന്നും പോപ് തവദ്രോസ്, കാര്‍ഡിനല്‍ ഫെര്‍ണാണ്ടസിനോട് പറഞ്ഞതായി കോപ്റ്റിക് സഭ ഒടുവില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org